തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്. ആശുപത്രി അഡ്മിഷന്‍, ഐസിയു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാനാകാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് മുന്നൊരുക്കം തുങ്ങിയിരിക്കുന്നത്. കഴിഞ്ഞ 4 ദിവസമായി ആറായിരത്തിനടുത്താണ് സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം. ഇത്തരത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് മൂന്നാം തരംഗത്തിന്‍റെ സൂചനയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
37,736 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. പുതിയ കേസുകളുടെ വളര്‍ച്ചാനിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 92 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഐസിയുവും ആവശ്യമായി വന്നത്.
ഈ കണക്കുകളാണ് സംസ്ഥാനത്തിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്. 14 ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. തിരുവനന്തപുരം 6,176,കൊല്ലം 2,015,പത്തനംതിട്ട 829,ആലപ്പുഴ 979,കോട്ടയം 3,452,ഇടുക്കി 1,433, എറണാകുളം 7,752, തൃശ്ശൂര്‍ 3,761,പാലക്കാട് 1,106,മലപ്പുറം 2,178,കോഴിക്കോട് 4,661, വയനാട് 1,003,കണ്ണൂര്‍ 1,732,കാസര്‍കോട് 659 എന്നിങ്ങനെയാണ് ജില്ലകളിലെ കൊവിഡ് ബാധിതരുടെ കണക്ക്.
ഒമിക്രോണ്‍ വകഭേദം ഇതുവരെ സംസ്ഥാനത്ത് ഭീഷണിയായിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 345 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 231 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 78 പേരും എത്തിയിട്ടുണ്ട്. 34 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേരാണുള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനത്തെ ടിപിആര്‍ 11.05 ആണ്. ടിപിആര്‍ 10 കടന്നാല്‍ തന്നെ ഒമിക്രോണ്‍ ഭീഷണി സജീവമായെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം കുറവായതിനാല്‍ അത്തരത്തിലൊരു ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലവിലെ നിരീക്ഷണം.
ALSO READ:India Covid Updates | രാജ്യത്ത് 1,68,063 പേര്‍ക്ക് കൂടി കൊവിഡ്, തിങ്കളാഴ്‌ചത്തേക്കാള്‍ കുറവ്