തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാന്‍ ഇന്ന് ചേരുന്ന ആദ്യ യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ നിന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടു നില്‍ക്കും. പ്രസിഡന്‍റ് പദത്തില്‍ നിന്നൊഴിവാക്കണമെന്ന് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് രേഖാമൂലവും രാഹുല്‍ ഗാന്ധിയോട് ഫോണിലും അഭ്യര്‍ഥിച്ച സാഹചര്യത്തില്‍ താന്‍ സ്ഥാനത്തു തുടരുന്നത് സാങ്കേതികം മാത്രമാണെന്നാണ് മുല്ലപ്പളളിയുടെ നിലപാട്. ഒരു കെയര്‍ ടേക്കര്‍ സ്ഥാനത്തിരുന്നുകൊണ്ട് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നത് അനൗചിത്യമാണെന്ന് മുല്ലപ്പള്ളി കരുതുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിലേക്കില്ലെന്ന് മുല്ലപ്പള്ളി നിലപാട് സ്വീകരിച്ചത്.
സോണിയാഗാന്ധിക്ക് രേഖാമൂലം നല്‍കിയ കത്ത് അദ്ദേഹം ദൂതന്‍ മുഖേന യുഡിഎഫ് യോഗത്തിലെത്തിക്കും. യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ രമേശ് ചെന്നിത്തലയും പ്രചാരണ സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുമാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത്. തനിക്ക് ഏകോപന ചുമതല മാത്രമാണുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ തോല്‍വിയുടെ കാരണങ്ങള്‍ യുഡിഎഫ് യോഗത്തെ ബോധ്യപ്പെടുത്തേണ്ട ചുമതല തനിക്കില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.
താന്‍ ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ പാര്‍ട്ടി പുന സംഘടിപ്പിക്കുന്നതിന് അശോക് ചവാന്‍ കമ്മിറ്റിയെ നിയമിക്കേണ്ടതില്ലെന്നും അത് പ്രവര്‍ത്തകരില്‍ കൂടുതല്‍ വിഭാഗീയതയ്ക്ക് കാരണമാകുമെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചെങ്കിലും ദേശീയ നേതൃത്വം കണക്കിലെടുത്തിട്ടില്ല. അശോക് ചവാന്‍ നേതാക്കളുമായി തെളിവെടുക്കുന്നത് തുടരുകയാണ്. അശോക് ചവാന്‍ കമ്മിറ്റിക്കു മുന്നില്‍ തന്നെ താറടിക്കാന്‍ ചില നേതാക്കള്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്ന പരാതിയും മുല്ലപ്പള്ളിക്കുണ്ട്.
READ MORE: യുഡിഎഫിൻ്റെ ഏകോപന സമിതി യോഗം; മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല