തിരുവനന്തപുരം: ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച നേട്ടങ്ങള്‍ വെറും പുകമറയാണെന്ന് തെളിഞ്ഞതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍. ഹൈടെക് യുഗത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമാനമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് പാമ്പുവളര്‍ത്തല്‍കേന്ദ്രങ്ങളാണ്.
മൂന്ന് ആശുപത്രികളില്‍ പോയിട്ടും ഷഹല ഷെറിന് മരുന്ന് ലഭിച്ചില്ലെന്ന വസ്തുത നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ ഇന്നത്തെ അവസ്ഥയാണ് പുറത്തു കൊണ്ടുവരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മരുന്നില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് കാരണം എന്ന് വ്യക്തമാണ്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഉത്തരവാദികളായ സ്‌കൂള്‍, ആശുപത്രി അധികൃതര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.