തിരുവനന്തപുരം: ഭയപ്പെടാനുള്ളത് കൊണ്ടാണ് കിഫ്ബിയെക്കുറിച്ചുള്ള ഇ.ഡി അന്വേഷണത്തെ ധനമന്ത്രി എതിർക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കിഫ്ബി വഴിയുള്ള നടപടികൾ സുതാര്യവും സത്യസന്ധവുമാണെങ്കിൽ അന്വേഷണത്തെ ധനമന്ത്രി എന്തിനാണ് ഭയക്കുന്നത്. റിസർവ് ബാങ്ക് എൻഒസി നൽകിയെന്ന ബലത്തിൽ മസാല ബോണ്ടുകൾ ഇറക്കിയതിന് പിന്നിലും വലിയ ക്രമക്കേടുണ്ട്.
കിഫ്ബിയിൽ നിന്ന് ലഭിച്ച പണത്തിന്‍റെ വലിയ പങ്ക് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സി പി എമ്മിനും ബന്ധമുള്ള ഒരു സ്ഥാപനം വഴിയാണ് സംസ്ഥാനത്ത് നിർമ്മാണങ്ങളുടെ പേരിൽ കരാർ ഉറപ്പിച്ചത്. ഇതും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പൊലീസ് ആക്ടിലെ ഭേദഗതി തികഞ്ഞ ഫാസിസമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സർക്കാരിനെതിരായ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് പുതിയ നിയമം സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും സൈബർ കുറ്റകൃത്യങ്ങളും കർശനമായി തടയേണ്ടതാണ്. പക്ഷെ ഇതു പോലൊരു കരിനിയമം കൊണ്ടുവന്നല്ല അതിനെ നേരിടേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.