യൂത്ത് കോണ്‍ഗ്രസ് മുക്കത്ത് യോഗം ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും വയനാട് സീറ്റുമായി ബന്ധപ്പെട്ട് ഇനിയും യൂത്ത് കോണ്‍ഗ്രസ് പരസ്യപ്രതികരണം നടത്തുന്ന പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി സീറ്റ് വിഭജനത്തില്‍ മുസ്ലീംലീഗിന്‍റെ ഭാഗത്ത് നിന്നും കടുംപിടുത്തമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു.
നിലവില്‍ വടകര ലോക്സഭാ മണ്ഡലത്തിലെ എംപിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യൂത്ത് കോണ്‍ഗ്രസ് മുക്കത്ത് യോഗം ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിലപാട് പറയാന്‍ യൂത്ത് കോണ്‍ഗ്രസിന് അവകാശമുണ്ടെന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി. സിദ്ധിഖിന്‍റെ നിലപാട്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 7 നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണച്ചു. മണ്ഡലത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥികളെ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്നും പ്രമേയം പറയുന്നു.