തിരുവനന്തപുരം: എഐ കാമറ വിവാദത്തില്‍ കെല്‍ട്രോണ്‍ പ്രതിക്കൂട്ടിലിരിക്കേ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ആരോഗ്യ വകുപ്പിലേക്ക് സ്ഥലം മാറ്റിയ എപിഎ മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്‍റെ അധിക ചുമതല. വ്യവസായ വകുപ്പിനു കീഴിലുള്ള മൈനിങ്, ജിയോളജി, പ്ലാന്‍റേഷന്‍ എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി നല്‍കിയുള്ള ഉത്തരവാണ് ഇന്ന് പുറത്തു വന്നത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തും തുടരും. 12 ദിവസത്തിന് ശേഷമാണ് പുതിയ ഉത്തരവ് പുറത്തുവന്നത്.
എഐ കാമറ വിവാദത്തില്‍ കെല്‍ട്രോണ്‍ പ്രതിക്കൂട്ടിലായപ്പോള്‍ അതില്‍ നിന്നു തലയൂരാന്‍ സര്‍ക്കാര്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ മുഹമ്മദ് ഹനീഷിനെ ഇക്കാര്യം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഹനീഷിനെ ആദ്യം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പിറ്റേ ദിവസം റവന്യൂ വകുപ്പില്‍ നിന്നും അദ്ദേഹത്തെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇക്കാര്യം വിവാദമായെങ്കിലും ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായും പൂര്‍ണമായി നടപടിക്രമങ്ങള്‍ പാലിച്ചാണ് കാമറ ഇടപാട് നടന്നതെന്നും കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു.
ഇതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഹനീഷിന് വ്യവസായ വകുപ്പിനു കീഴിലുള്ള മുന്ന് വകുപ്പുകളുടെ ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ വ്യവസായ വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായ സുമന്‍ ബില്ലയില്‍ നിന്ന് ഈ മൂന്ന് വകുപ്പുകള്‍ മാത്രം അടര്‍ത്തിയെടുത്ത് മുന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയതിന്‍റെ ഉദ്ദേശം വ്യക്തമല്ല.
ഇതിനു പുറമേ കോട്ടയം ജില്ല കലക്‌ടറായി കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ വി വിഘ്‌നേശ്വരിയെ നിയമിച്ചു. കെ സുധീറാണ് പുതിയ കോളജ് വിദ്യാഭ്യാസ ഡയറക്‌ടര്‍. ആയുഷ് സെക്രട്ടറിയായിരുന്ന കേശവേന്ദ്രകുമാറിനെ ധനകാര്യ വകുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ വിഭാഗം സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടര്‍ എംജി രാജമാണിക്യത്തിന് നഗര കാര്യ വകുപ്പ് ഡയറക്‌ടറുടെ അധിക ചുമതല നല്‍കി.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ സ്‌നേഹില്‍ കുമാര്‍ സിങിന് കെഎസ്‌ഐഡിസി സിഇഒ യുടെ അധിക ചുമതല നല്‍കി. കെടിഡിസി ഡയറക്‌ടറായി ശിഖ സുരേന്ദ്രനെ നിയമിച്ചു. ഡോ. ദിനേശന്‍ ചെറുവത്തിനെ കേരള വാട്ടര്‍ അതോറിറ്റി ജോയിന്‍റ് എംഡിയായി നിയമിച്ചു. പുതുതായി സിവില്‍ സര്‍വീസില്‍ പ്രവേശിച്ച ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്‌ടറായി നിയമിച്ചു. കേരള റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍ററിന്‍റെ ഡയറക്‌ടറുടെ അധിക ചുമതല കൂടി നിസാമുദ്ദീനു നല്‍കി. ആനി ജൂലി തോമസിനെ വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. കൊച്ചിന്‍ സ്‌മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ഡയറക്‌ടറായി ഷാജി വി നായരെയും നിയമിച്ചു.