തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്. മണി (79) അന്തരിച്ചു. കലാകൗമുദി ചീഫ് എഡിറ്ററും കേരളകൗമുദി മുൻ ചീഫ് എഡിറ്ററുമായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിൽ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായാണ് ഭാര്യ. കേരളകൗമുദി അസിസ്റ്റന്‍റ് എഡിറ്റര്‍ വത്സാമണി, സുകുമാരൻ മണി (പാരീസ്) എന്നിവര്‍ മക്കളാണ്. മൃതദേഹം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്‍റെ സ്വദേശാഭിമാനി- കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്. അംബേദ്കർ, കേസരി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബിഎസ് സി ഡിഗ്രി എടുത്ത ശേഷമായിരുന്നു മാധ്യമ പ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചത്. എം.എസ് മണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.