തിരുവനന്തപുരം: മൃണാൾ സെൻ... ലോക സിനിമയിലെ പൊളിറ്റികല്‍ ഫിലിം മേക്കേഴ്‌സിന്‍റെ മുന്‍നിരയില്‍ സ്ഥാനം നേടിയ സംവിധായകൻ, നവതരംഗ ഇന്ത്യൻ സിനിമയുടെ വക്താവ്, രാഷ്‍ട്രീയ സിനിമയുടെ വക്താവ്, ലോകസിനിമയില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമയിലെ കാരണവർ ഇങ്ങനെ വിശേഷണങ്ങളേറെ... ചലച്ചിത്ര മേളയിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഇന്ത്യൻ സിനിമയുടെ അതികായന് ആദരവുമായി അദ്ദേഹത്തിൻ്റെ ജന്മശതാബ്‌ദി വർഷത്തിൽ 28ആമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ഫോട്ടോ പ്രദർശനം ഒരുക്കി കേരള ചലച്ചിത്ര അക്കാദമി(Kerala Film Academy organized Mrinal Sen photo exhibition at the inter national film festival kerala).
സെന്നിൻ്റെ ജന്മശതാബ്‌ദി വർഷത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ വ്യത്യസ്‌തമായ 100 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്നിൻ്റെ ലൊക്കേഷനുകളിൽ നിന്നുള്ള ചിത്രങ്ങളും സ്വകാര്യ നിമിഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പൊതുവേദികളിൽ നിന്നുള്ള ചിത്രങ്ങളുമാണ് എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്നിൻ്റെ ജീവിതവും സിനിമയും സമഗ്രമായി അവതരിപ്പിക്കുന്ന എക്‌സിബിഷൻ മേളയിൽ കൗതുക കാഴ്‌ചയായി. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആർ ഗോപാലകൃഷ്‌ണനാണ് എക്‌സിബിഷന്‍റെ ക്യൂറേറ്റർ.
മൃണാൾ സെന്നിൻ്റെ സന്തതസഹചാരിയായ ഫോട്ടോഗ്രാഫർ സുഭാഷ് നന്ദി എടുത്ത ചിത്രങ്ങളാണ് എക്‌സിബിഷനിൽ ഏറെയും. നാഷണൽ ആർക്കൈവ്സിൽ നിന്ന് ശേഖരിച്ച സെന്നിൻ്റെ സിനിമകളുടെ പോസ്‌റ്ററുകളും എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൃണാൾ സെന്നിൻ്റെ ചിത്രങ്ങൾ തന്‍റെ ക്യാമറയിൽ പകർത്തിയ അസുലഭ നിമിഷങ്ങൾ ഇപ്പോഴും ഓർക്കുന്നു എക്‌സിബിഷന്‍റെ ക്യൂറേറ്ററും ഫോട്ടോഗ്രാഫറുമായ ആർ ഗോപാലകൃഷ്‌ണൻ.
ആരോഗ്യമുണ്ടായിരുന്ന നാൾ വരെ ഐഎഫ്എഫ്കെയിൽ സ്ഥിരം സാന്നിധ്യമായിരുന്നു മൃണാൾ സെൻ. 2009ൽ നടന്ന ഐഎഫ്എഫ്കെയിൽ ആദ്യമായി 'ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഏർപ്പെടുത്തിയപ്പോൾ, പുരസ്‌കാരം ആർക്കു നൽകുമെന്ന ചോദ്യത്തിന് കേരള ചലച്ചിത്ര അക്കാദമിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. ഒരൊറ്റ ഉത്തരം മാത്രം മൃണാൾ സെൻ.
മലയാളി അല്ലാത്ത ഒരു ചലച്ചിത്രകാരന്‍റെ ചിത്രപ്രദർശനം എന്തുകൊണ്ട് ചലച്ചിത്രമേളയിൽ നടത്തിക്കൂട എന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണന്‍റെ നിർദ്ദേശമാണ് MRINAL DA@ 100 എന്ന ചിത്രപ്രദർശനത്തിന് വഴിയൊരുക്കിയത്. ടാഗോർ തിയേറ്ററിൽ അടൂർ ഗോപാലകൃഷ്‌ണൻ തന്നെയാണ് ചിത്രപ്രദർശനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.