തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തിൽ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഐജിയുമായ പി വിജയനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ കളമൊരുങ്ങുന്നു. നിസാരമായ ഒരു തെറ്റിന്‍റെ പേരില്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത് അനുചിതമായെന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപകമായി അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യത്തില്‍ അച്ചടക്ക നടപടി പുനപരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു അധ്യക്ഷനായ പുതിയ സമിതി സര്‍ക്കാര്‍ രൂപീകരിച്ചു.
വേണുവിന് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരന്‍, ബിശ്വനാഥ് സിന്‍ഹ, കെ.ആര്‍ ജ്യോതിലാല്‍ എന്നിവരടങ്ങിയതാണ് സമിതി. ഐപിഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മൂന്നു മാസം കൂടുമ്പോള്‍ പുനഃപരിശോധിക്കണമെന്നാണ് വ്യവസ്ഥ. ഇക്കഴിഞ്ഞ മെയ് 18നായിരുന്നു പി വിജയനെ സസ്‌പെന്‍ഡ് ചെയ്‌തത്.
സസ്‌പെൻഷന് കാരണമായ സംഭവം : ജൂലൈ 18ന് മൂന്നു മാസം തികയുന്ന പ്രത്യേക സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിച്ചത്. എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ് പ്രതിയെ മഹാരാഷ്‌ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്‌ത് കേരളത്തിലേക്കു കൊണ്ടു വരുന്ന പൊലീസ് സംഘത്തെ യാത്ര മധ്യേ ഐജി പി വിജയന്‍ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയാണ് അദ്ദേഹത്തിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
വിജയന്‍റെ ഈ നടപടി സുരക്ഷ വീഴ്‌ചയ്‌ക്ക് കാരണമായെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. ഇതിന് മുന്നോടിയായി വിജയനെ ഭീകര വിരുദ്ധ സ്‌ക്വാഡിന്‍റെ തലവന്‍ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. സുരക്ഷ വീഴ്‌ച സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ അന്ന് പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതലയുള്ള എഡിജിപി പത്മകുമാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
ആരോപണങ്ങളിൽ കുഴഞ്ഞ് കേരള പൊലീസ് : അതേ സമയം കേരള പൊലീസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമായിട്ടാണ് വിജയനെതിരായ എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സസ്‌പെന്‍ഷനും എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം മഹാരാഷ്‌ട്രയില്‍ നിന്നും തീവയ്‌പ്പ് കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയുമായി കേരളത്തിലേക്കു വന്ന വാഹനത്തിന് വേണ്ടത്ര സുരക്ഷയുണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതിന് പിന്നിലും പി വിജയനാണെന്ന് പൊലീസിലെ ഒരു വിഭാഗം ആരോപണം ഉയര്‍ത്തിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്‌ത മാതൃഭൂമി വാർത്ത സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തെളിവെടുപ്പിനായി വിളിച്ചു വരുത്തി ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഇവരെ കൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിനു പിന്നില്‍ എന്ന് പറയിപ്പിക്കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് മാതൃഭൂമി ചാനല്‍ എംഡി എം വി ശ്രേയാംസ് കുമാറും ആരോപണം ഉന്നയിച്ചു. എന്നാൽ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സസ്‌പെന്‍ഷന്‍ പുനഃപരിശോധനയ്ക്ക് സമിതി രൂപീകരിച്ചത്.