തിരുവനന്തപുരം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസപകടത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ്, കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. അപകടത്തില്‍പ്പെട്ട ബസ് രൂപമാറ്റം വരുത്താന്‍ സഹായിച്ച വര്‍ക്ക്‌ഷോപ്പിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. ഇതിനായി പൊലീസില്‍ പ്രത്യേകം പരാതി നല്‍കും. ബസിന്‍റെ വേഗപ്പൂട്ട് സംവിധാനം നീക്കം ചെയ്‌ത വര്‍ക്ക്‌ഷോപ്പിനെതിരെയും പൊലീസ് നടപടി സ്വീകരിക്കും.
ക്രമക്കേട് നടത്തുന്ന ഉടമയ്‌ക്കെതിരെ മാത്രമല്ല, ഡീലര്‍മാര്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കുമെതിരെയും നടപടിയുണ്ടാകും. ടൂറിസ്റ്റ് ബസുകള്‍ നടത്തുന്ന നിയമലംഘനങ്ങളും രൂപമാറ്റവും കണ്ടെത്തിയാല്‍ കേന്ദ്ര നിയമപ്രകാരം 5,000 രൂപ മാത്രമാണ് ഇപ്പോള്‍ പിഴ. എന്നാല്‍ ഇനി മുതല്‍ ബസുകളില്‍ വരുത്തുന്ന ഓരോ രൂപമാറ്റങ്ങള്‍ക്കും ലൈറ്റുകളുടെ മാറ്റത്തിനും വെവ്വേറെ പിഴ ഈടാക്കുകയും പിഴ തുക 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്തുകയും ചെയ്‌തതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ഒരു ബസില്‍ അഞ്ച് തരം രൂപമാറ്റം കണ്ടെത്തിയാല്‍ ഉടമ 50,000 രൂപ പിഴയായി അടയ്‌ക്കേണ്ടി വരും. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയില്‍ വയലറ്റ് ബോര്‍ഡറായിരിക്കും ഇനി മുതല്‍ കളര്‍ കോഡ്. ഈ നിറത്തിലുള്ളതല്ലാത്ത ബസുകള്‍ക്ക് നാളെ(ഒക്‌ടോബര്‍ 11) മുതല്‍ നിരത്തിലിറങ്ങാനാകില്ല.
ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം കണ്ടെത്താന്‍ എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ഇന്നു മുതല്‍ പരിശോധനകള്‍ ആരംഭിക്കും. കേരളത്തിലെ 86 ആര്‍.ടി ഓഫിസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും പ്രസ്‌തുത ഓഫിസിനു കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധന ചുമതല നല്‍കും.
ജി.പി.എസ് ഘടിപ്പിക്കാത്ത പബ്ലിക് കാര്യേജ് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. ജി.പി.എസ് സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ ചുമതലപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത ബസുകള്‍ കേരളത്തില്‍ സര്‍വിസ് നടത്തുന്നതിന് ഇനി മുതല്‍ തമിഴ്‌നാട് മാതൃകയില്‍ റോഡ് ടാക്‌സ് കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.