തിരുവനന്തപുരം: വിഷു, റംസാൻ ഉത്സവ സീസണുകളിൽ യാത്രക്കാരിൽ നിന്നും അമിതമായ നിരക്ക് ഈടാക്കുന്ന സ്വകാര്യ കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങളെ പൂട്ടാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോൺട്രാക്‌ട് ക്യാരേജ് വാഹന ഓഫിസുകളിലാണ് തിരുവനന്തപുരം ആർടിഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. സ്വകാര്യ കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾ യാത്രക്കാരിൽ നിന്നും അമിതനിരക്ക് ഈടാക്കിയതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ വിനോദ് എ എസ് പറഞ്ഞു.
യാത്രക്കാർക്ക് നൽകുന്ന ടിക്കറ്റുകളും സ്വകാര്യ വാഹന ഓഫിസുകളിലെ രേഖകളും പരിശോധിച്ച് ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർധന ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ഇതിന് പുറമെ പെർമിറ്റ് ലംഘനം, സ്‌പീഡ് ഗവർണറിലും ജിപിഎസിലും കൃത്രിമം കാണിച്ച് അമിത വേഗതയിൽ ഓടുന്ന കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾ എന്നിവയ്‌ക്കെതിരെയും ഗതാഗത കമ്മിഷണറുടെ നിർദേശ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ വിജേഷും ശിവപ്രസാദും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Also Read: വിഷു പൊടിപൊടിക്കാൻ വിപണിയിലെത്തി അയ്യൻസ്; ഇത്തവണ സ്‌പെഷ്യൽ 'മെഗാ പീക്കോക്ക്'
ഉത്സവ സീസണുകളിൽ യാത്രക്കാരിൽ നിന്ന് സ്വകാര്യ ബസുകൾ അമിത നിരക്കാണ് ഈടാക്കുന്നതെന്ന വ്യാപക പരാതി ഉയർന്നിരുന്നു. മാത്രമല്ല അമിത നിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം നൽകിയിരുന്നു. ഉത്സവ സീസണിലെ വാഹന പരിശോധനയ്ക്കായി സ്ക്വാഡ് രൂപീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും ചേർന്നിരുന്നു.
അവധിക്കാലവും ഉത്സവ സീസണുമായ സാഹചര്യത്തിൽ അധിക സർവീസ് നടത്താനും ഗതാഗത മന്ത്രി കെഎസ്ആർടിസിക്ക് നിർദേശം നൽകിയിരുന്നു. സ്‌പീഡ് ഗവർണറിലും ജിപിഎസ്സിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം സ്‌പീഡിൽ ഓടിക്കുന്ന കോൺട്രാക്‌ട് കാര്യേജ് വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിരുന്നു. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്തം ബസ് ഉടമകൾക്കാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ മിന്നൽ പരിശോധന. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി; ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ്
അതേസമയം ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു. 140 കിലോമീറ്ററിന് മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്കാണ് നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 30 ശതമാനം ഇളവ് വാര്‍ത്താക്കുറിപ്പിലൂടെ കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചത്.