തിരുവനന്തപുരം: നവജാത ശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതം. തിരുവനന്തപുരം ജില്ലയിലെ പനവൂർ മാങ്കുഴി തോട്ടിൻങ്കര കുന്നുംപുറത്ത് വീട്ടിൽ വിജിയാണ് രണ്ടു ദിവസം പ്രായമുള്ള തന്‍റെ കുഞ്ഞിന്‍റെ കുഴിച്ചു മൂടിയത്. ഇന്ന് രാവിലെ ആണ് സംഭവം പുറത്തുവന്നത്.
വീടിന് ചുറ്റും രക്തം കണ്ടതിനെ വിജിയുടെ മൂത്ത കുട്ടി നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് സ്ഥലം പരിശോധിക്കുകയും കുട്ടിയെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയും ചെയ്തത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിജിയെ അറസ്റ്റ് ചെയ്തു. കേസിൽ കൂട്ടുപ്രതികളുണ്ടോയെന്ന അന്വേഷണമാണ് നടത്തിവരുന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ആർഡിഒ സ്ഥലത്ത് എത്തി കുട്ടിയെ പുറത്തെടുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു.
മൂന്ന് വർഷമായി ഭർത്താവുമായി പിണങ്ങി കഴിയുന്ന വിജിയുടെ അവിഹിത ബന്ധത്തിൽ പിറന്ന കുട്ടിയെ പുറത്ത് ആരും അറിയാത്ത രീതിയിൽ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാർ, സിഐ രാജേഷ് കുമാർ, എസ്ഐ സുനിൽ ഗോപി തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.