തിരുവനന്തപുരം : തൈക്കാട് ആശുപത്രിയില്‍ കുഞ്ഞിനെ വിറ്റ കേസില്‍ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശി അഞ്‌ജുവാണ് അറസ്റ്റിലായത്. നവജാത ശിശുവിനെ വിറ്റ കേസില്‍ തമ്പാനൂര്‍ പൊലീസാണ് അഞ്‌ജുവിനെ അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം മാരായമുട്ടത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് യുവതി പിടിയിലായത്.
കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ്‌കുമാറും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയ്‌ക്ക് ശേഷം കുഞ്ഞിന്‍റെ അമ്മ അഞ്‌ജുവിനെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ 21 നായിരുന്നു നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി വാര്‍ത്ത പുറത്ത് വരുന്നത്.
11 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കരമന സ്വദേശിയായ യുവതിക്ക് മൂന്ന് ലക്ഷം രൂപക്ക് വില്‍പ്പന നടത്തുകയായിരുന്നു. ശിശു ക്ഷേമ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. കുഞ്ഞ് ഇപ്പോള്‍ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് മന്ത്രി വീണ ജോര്‍ജും നിര്‍ദേശം നൽകിയിരുന്നു. അതേ സമയം കുഞ്ഞിനെ വാങ്ങിയത് വളര്‍ത്താനാണെന്ന പ്രതികരണവുമായി കുട്ടിയെ വാങ്ങിയ യുവതി രംഗത്തെത്തി. മുന്‍പ് നിശ്ചയിച്ച പ്രകാരമായിരുന്നു വിൽപനയെന്നും സുഹൃത്തിന്‍റെ പക്കല്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നുമായിരുന്നു ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്.
ഏപ്രില്‍ ഏഴ് വെള്ളിയാഴ്‌ചയായിരുന്നു കുഞ്ഞ് തൈക്കാട് ആശുപത്രിയില്‍ ജനിച്ചത്. പിന്നീട് ഏപ്രില്‍ 17 തിങ്കളാഴ്‌ചയോടെയായിരുന്നു സംഭവം അറിഞ്ഞ് പൊലീസും ശിശു ക്ഷേമ സമിതി പ്രവര്‍ത്തകരും വീട്ടില്‍ എത്തിയതെന്നും യുവതി പറഞ്ഞിരുന്നു. ഇവര്‍ കുഞ്ഞിനെ യുവതിയുടെ കൈയില്‍ നിന്നും പിന്നീട് തിരികെ വാങ്ങുകയായിരുന്നു.
കുഞ്ഞിനെ വാങ്ങിയത് വളർത്താൻ വേണ്ടി: ഏഴ് ദിവസത്തോളം കുഞ്ഞ് യുവതിയുടെ പക്കലുണ്ടായിരുന്നു. വളര്‍ത്താന്‍ വേണ്ടിയാണ് താന്‍ കുഞ്ഞിനെ വാങ്ങിയതെന്നും കുഞ്ഞിന്‍റെ അമ്മയെ രണ്ട് വര്‍ഷത്തോളമായി പരിചയമുണ്ടായിരുന്നതായും കുഞ്ഞിനെ വാങ്ങിയ യുവതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുഞ്ഞിന്‍റെ അച്ഛനാണ് ഇവരുടെ പക്കല്‍ നിന്നും പണം ആവശ്യപ്പെട്ടത്. പലപ്പോഴും ഇയാള്‍ യുവതിയില്‍ നിന്നും പണം ആവശ്യപ്പെട്ടിരുന്നു.
മുഴുവന്‍ പണവും വേണമെന്ന് ഇയാള്‍ നിര്‍ബന്ധം പിടിച്ചതായും യുവതി പറഞ്ഞിരുന്നു. അതേ സമയം കുഞ്ഞിനെ വാങ്ങാനായി ഇടനിലക്കാര്‍ ആരും തന്നെ സമീപിച്ചിരുന്നതായി ഇവര്‍ പറഞ്ഞിട്ടില്ല. നേരത്തെയുള്ള സുഹൃത് ബന്ധമാണ് കുഞ്ഞിനെ ദത്തെടുക്കുന്നതിലേക്ക് എത്തിച്ചതെന്നും ഇവര്‍ പറഞ്ഞു. കൂടാതെ കുഞ്ഞിനെ കൈവശം വയ്‌ക്കാന്‍ നിയമ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും യുവതി അറിയിച്ചിരുന്നു.