തിരുവനന്തപുരം : നെയ്യാറ്റിൻകര വെള്ളറടയിൽ അമ്മയും മക്കളും വിഷംകഴിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി. തിരുനന്തിക്കര സ്വദേശി ഉദയറാണി (26) മക്കളായ അശ്വമിത്ത് (6) അക്ഷിക (4) എന്നിവരാണ് വിഷംകഴിച്ചെത്തിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂവരെയും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് (09.04.2022) ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് : മേക്കാമണ്ഡപം സ്വദേശി മണികണ്‌ഠന്‍റെ ഭാര്യയായ ഉദയറാണി കുട്ടികളെയും കൂട്ടി ഒരു വർഷം മുമ്പ് തക്കല സ്വദേശിയും ഹിറ്റാച്ചി ഡ്രൈവറുമായ സുമൻ എന്നയാളോടൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് വെള്ളറട ആനപ്പാറയിൽ ഇവർ വാടകയ്ക്ക് താമസിക്കാൻ തുടങ്ങി. ഒരു മാസം മുമ്പ് സുമന്‍റെ അനുവാദത്തോടുകൂടി ഉദയറാണി സ്വന്തം വീട്ടിലേക്ക് പോയെങ്കിലും
ഇയാള്‍ തന്നെ ഒഴിവാക്കുന്നു എന്ന് തോന്നി ആനപ്പാറയിലെ താമസസ്ഥലത്തേക്ക് തിരികെയെത്തി. എന്നാൽ സുമൻ ഇവരെ സ്വീകരിക്കാൻ തയാറായില്ല.
ALSO READ: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ആറംഗ സംഘം, ജീവനക്കാരെ മര്‍ദിച്ചു
ഇതോടെ മക്കളെയും കൂട്ടി കുരിശുമലയുടെ അടിവാരത്തിൽ എത്തിയ ഉദയറാണി ശീതള പാനീയത്തിൽ വിഷം കലർത്തി കുട്ടികൾക്ക് നല്‍കി. തുടര്‍ന്ന് അവരും കഴിച്ചു. ശേഷം വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. എങ്കിലും പൊലീസ് ആശുപത്രിയിലെത്തിക്കാനോ തുടർനടപടി സ്വീകരിക്കാനോ തയാറായില്ലെന്നും ഇവര്‍ പറയുന്നു.
കുടുംബം തീവ്രപരിചരണവിഭാഗത്തിൽ : ശേഷം അമ്മയും മക്കളും സ്വന്തം വാഹനത്തിൽ ആനപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ആരോഗ്യനില വഷളായതിനെ തുടർന്ന് ആംബുലൻസിന്‍റെ സഹായത്താൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി രൂക്ഷമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുടുംബത്തിന്‍റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും കൂടുതലൊന്നും പറയാറായിട്ടില്ലെന്നുമാണ് ഡോക്‌ടർ നൽകുന്ന വിവരം. അതേസമയം ഉദയറാണിയുടെ ആരോപണങ്ങൾ വെള്ളറട പൊലീസ് നിഷേധിച്ചു.