തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നല്‍കിയതാണ് പ്രധാന ഇളവ്.
ഭക്ഷണം വിളമ്പുന്നതിന് നിയന്ത്രണത്തോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ഹോട്ടലുകളിലെ സീറ്റ് കപ്പാസിറ്റിയുടെ 50 ശതമാനമേ അനുവദിക്കുകയുള്ളൂ. സീറ്റുകള്‍ സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കണം.
ബാര്‍ ഹോട്ടലുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇവിടേയും 50 ശതമാനം കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും ഹോട്ടലുകളിലും ബാറുകളിലും പ്രവേശനം.
Also Read: 'ഗുലാബ്' ഞായറാഴ്‌ച കര തൊടും ; സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ മഴയ്ക്ക് സാധ്യത
സര്‍ക്കാറിന്‍റെ മുന്നിലുണ്ടായിരുന്ന മറ്റൊരു പ്രധാന ആവശ്യം തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചാണ്. എന്നാല്‍ വ്യാപനത്തിന്‍റെ തോത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷം മാത്രം മതി തിയേറ്ററുകള്‍ തുറക്കുന്നതെന്നാണ് അവലോകന യോഗത്തിലെ ധാരണ.
സ്‌കൂളുകള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ സിറോ സര്‍വൈലന്‍സ് പഠനത്തിന്‍റെ റിപ്പോര്‍ട്ടും ശനിയാഴ്ച നടന്ന അവലോകന യോഗത്തിന്‍റെ പരിഗണനയില്‍ വന്നിട്ടുണ്ട്. ഇതനുസരിച്ചാകും സര്‍ക്കാര്‍ തീരുമാനം.