എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ സൂക്ഷിച്ചിരുന്ന തിമിംഗലത്തിന്‍റെ അസ്ഥിയെന്ന് സംശയിക്കുന്ന വസ്‌തു വനംവകുപ്പ് പിടിച്ചെടുത്തു. മോന്‍സന്‍റെ സുഹൃത്തിന്‍റെ വാഴക്കാലയിലെ വീട്ടില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. എട്ടടിയോളം നീളമുള്ള അസ്ഥി സുഹൃത്തിന്‍റെ വീട്ടിലെ കാർപോർച്ചിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചതിനെ തുടർന്ന് കലൂരിലെ മോൻസന്‍റെ വീട്ടിൽ നിന്നും സുഹൃത്തിന്‍റെ വീട്ടിലേക്ക് അസ്ഥികൾ മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ വിവരത്തെ തുടർന്നാണ് വനം വകുപ്പ് പരിശോധന നടത്തിയത്.
ഇത് തിമിംഗലത്തിന്‍റെ അസ്ഥി തന്നെയാണോയെന്നറിയാൻ ശാസ്ത്രീയ പരിശോധനക്കയക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. പരിശോധനയില്‍ തിമിംഗലത്തിന്‍റെ അസ്ഥിയാണെന്ന് വ്യക്തമായാല്‍ കേസെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, മോന്‍സൺ മാവുങ്കലിന്‍റെ മേക്കപ്പ്മാന്‍ ജോഷിയെ പോക്സോ കേസില്‍ അറസ്റ്റു ചെയ്തു. ജോലിക്കാരിയുടെ മകളെ തുടർ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് മോന്‍സൺ പീഡിപ്പിച്ചത് കൂടാതെ ജോഷിയും പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ജോഷിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു.
ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായതിനെത്തുടര്‍ന്നാണ് ജോഷിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസില്‍ മോന്‍സന്‍റെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തും. മോന്‍സൺ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കോടതിയുടെ അനുമതിയോടെ ജയിലിലെത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുക.
Also Read: ദത്ത് വിവാദം; ഷിജുഖാനെ വിളിച്ചുവരുത്തി വനിത ശിശുവികസന വകുപ്പ്