തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തത്.
സുരേഷ് കുമാർ നിർമ്മിച്ച കരകൗശല ശിൽപങ്ങളായ സിംഹം, വിശ്വരൂപം, വേളാങ്കണ്ണി മാതാവ്, യേശുദേവന്‍റെ കുരിശിൽ കിടന്ന രൂപം, കാട്ടുപോത്ത്, കുതിരകൾ തുടങ്ങി എൺപത് ലക്ഷം രൂപയുടെ ശിൽപങ്ങളാണ് മോൻസ് സുരേഷിന്‍റെ പക്കൽ നിന്നും വാങ്ങിയത്.
2019 ജനുവരി 2 നും മറ്റൊരു ദിവസവും വാങ്ങിയ സാധനങ്ങൾ മോൻസണിന്‍റെ കല്ലൂരിലുള്ള വീട്ടിൽ എത്തിച്ചിരുന്നു. എന്നാൽ സാധനങ്ങൾ വാങ്ങിയ ശേഷം പ്രതി രണ്ടു പ്രാവശ്യമായി ഏഴു ലക്ഷം രൂപ മാത്രമേ നല്കിയുള്ളു എന്നാണ് സുരേഷിന്‍റെ പരാതി.
കഴിഞ്ഞ ദിവസം സംസ്‌കാര ചാനല്‍ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയിരുന്നു. ഈ കസ്റ്റഡി അവസാനിച്ച് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അടുത്ത കേസിൽ പ്രതിയെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങുന്നത്.