തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും വിദഗ്‌ധ പരിചരണം ഉറപ്പാക്കാനുമാണ് സംവിധാനം.
മങ്കി പോക്‌സ് ലക്ഷണങ്ങള്‍ ഉള്ളതായി സ്വയം സംശയം തോന്നുന്ന വിമാനയാത്രികര്‍ക്കും ഹെല്‍പ്പ് ഡെസ്‌കിന്‍റെ സേവനത്തിനായി ബന്ധപ്പെടാമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പരിശീലനം നേടിയ ജീവനക്കാരെയാണ് ഹെല്‍പ്പ് ഡെസ്‌കുകളില്‍ നിയോഗിച്ചിരിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ്(14.07.2022) രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് കേരളത്തില്‍ എത്തിയ കൊല്ലം സ്വദേശിയായ 35 വയസുകാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. മങ്കിപോക്‌സ് സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ നില നിലവിൽ തൃപ്‌തികരമാണ്.
കൂടാതെ മങ്കിപോക്‌സ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ വന്ന മാതാപിതാക്കളും വിമാനയാത്രികരുമടക്കം നിരീക്ഷണത്തിലാണ്. ഇവരിൽ ആർക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങളില്ല. കഴിഞ്ഞ ദിവസം സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തിയിരുന്നു. നാഷണല്‍ സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്‍റ് ഡയറക്‌ടർ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ആര്‍എംഎല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്‌റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖല അഡ്വൈസര്‍ ഡോ. പി രവീന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് എത്തിയത്.