കാസര്‍കോട് : വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ആക്രമണം നടത്തുകയും തിരിച്ച് കാടുകയറുന്നതുമായ സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. എന്നാല്‍ കാസര്‍കോട്ടെ ബാരയില്‍ നാട്ടില്‍ പ്രവേശിച്ച് നിലയുറപ്പ് പ്രദേശവാസികളുടെ സ്വൈര്യം കെടുത്തുകയാണ് വാനരപ്പട. ഏതാണ്ട് മുന്നൂറോളം കുരങ്ങുകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ഇവയുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഈ ഗ്രാമം. കുരങ്ങുകളെ പേടിച്ച് ഒന്നും കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
പച്ചക്കറി കൃഷി മുഴുവനായി നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്, തെങ്ങും കവുങ്ങുമാണ് ബാരയിലെ പ്രധാന വിളകള്‍. എന്നാല്‍ നല്ല രീതിയില്‍ വിളവെടുത്തിട്ട് വര്‍ഷങ്ങളായെന്ന് കര്‍ഷകര്‍ പറയുന്നു. 200 ഏക്കറിലധികമുള്ള കൃഷിയിടത്തില്‍ കുരങ്ങുകളുടെ വിളയാട്ടമാണ്. നാളികേരവും അടക്കയും മൂപ്പെത്തുന്നതിന് മുന്‍പ് തന്നെ നശിപ്പിക്കും. വര്‍ഷത്തില്‍ ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഇതിലൂടെ വരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇടവിളയായി കൃഷി ചെയ്യുന്ന വിവിധയിനം വാഴകളും ഇവ നശിപ്പിക്കുന്നു. ഈ ഇനത്തില്‍ മാത്രം വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാടിറങ്ങിയ മൂന്ന് കുരങ്ങുകളാണ് പെറ്റുപെരുകി ഇപ്പോള്‍ ഏതാണ്ട് 300 ഓളമായിരിക്കുന്നത്. കൂട്ടത്തോടെ എത്തിയാണ് ഇവയുടെ ആക്രമണം. ആക്രമണം ഭയന്ന് കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനോ വാഹനങ്ങള്‍ നിരത്തിലിറക്കാനോ കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Also Read: പൂത്തുലഞ്ഞ് സൂര്യകാന്തി ; പായിപ്ര ഗവ യു.പി സ്കൂളിന്‍റെ വേറിട്ട വഴി
തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വനം വകുപ്പുമായി ചേര്‍ന്ന് കൂട് സ്ഥാപിച്ചെങ്കിലും നാലെണ്ണം മാത്രമാണ് കുടുങ്ങിയത്. ഇവയെ കാട്ടില്‍ വിട്ടു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഇവയുടെ ആക്രമണം. വിളനാശത്തെ തുടര്‍ന്ന് പലരുടെയും, കൃഷിയില്‍ നിന്നുള്ള വരുമാനം നിലച്ചിരിക്കുകയാണ്. കൃഷിക്കായി എടുത്ത വായ്‌പകളും മുടങ്ങി. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.