തിരുവനന്തപുരം: വിഎസ്‌എസ്‌സിയില്‍ ജോലി വാഗ്‌ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി അനില്‍ കുമാറിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ ചമഞ്ഞ് വിഎസ്‌എസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും ഇയാള്‍ പണം തട്ടിയത്.
പ്രധാനമന്ത്രി റോജര്‍ പ്രോത്സാഹന്‍ യോജന പദ്ധതി പ്രകാരം വിഎസ്‌എസ്‌സിയുടെ തുമ്പ, വട്ടിയൂര്‍ക്കാവ്, വലിയമല കേന്ദ്രങ്ങളില്‍ സ്വീപ്പര്‍, പ്യൂണ്‍, പിആര്‍ഒ, അസിസ്റ്റന്‍റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ഇഞ്ചിനീയര്‍ തുടങ്ങിയ തസ്‌തികളില്‍ 750 ഒഴിവുകളുണ്ടെന്നും വിഎസ്‌എസ്‌സി റിക്രൂട്ട്മെന്‍റ് ബോര്‍ഡിലെ മേധാവി മുഖേന ജോലി വാങ്ങി കൊടുക്കാമെന്നും ഇയാള്‍ ഉദ്യോഗാര്‍ഥികളെ തെറ്റുദ്ധരിപ്പിച്ചു.
തുമ്പ വിഎസ്‌എസ്‌സിയിലെ പേഴ്‌സണല്‍ ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍ സീനിയര്‍ മേധാവി ബി.അനില്‍ കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പരാതി. ഇവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.
രണ്ടരകോടി രൂപയുടെ സാമ്പത്തിക ഇടപാട് പ്രതിയുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നെടുമങ്ങാട് ഡിവൈഎസ്‌പി എം.കെ സുള്‍ഫീക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്‌തു.