തിരുവനന്തപുരം : ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മോഹനൻ വൈദ്യര്‍ക്ക് പനിയും ശ്വാസതടസവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍. ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
2 ദിവസം മുൻപാണ് ഇദ്ദേഹം ബന്ധുവീട്ടിൽ എത്തിയത്. ശനിയാഴ്ച രാവിലെ പനിയും ഛർദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞുവീണപ്പോൾ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിച്ചു.
ഇവർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ആധുനിക ചികിത്സാ രീതികളെ നഖശിഖാന്തം എതിര്‍ത്തുപോന്നിരുന്ന വ്യക്തിയാണ് മോഹനന്‍ വൈദ്യര്‍. അശാസ്ത്രീയ ചികിത്സ രീതികളിലൂടെ നിരന്തരം വിവാദങ്ങളില്‍പ്പെട്ടിരുന്നു.
കൊവിഡിന് വ്യാജ ചികിത്സ നടത്തിയതിന് കഴിഞ്ഞ വർഷം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിപ്പ എന്നൊരു രോഗമില്ലെന്ന് വാദിച്ചും ഇദ്ദേഹം രംഗത്തെത്തിയിരുന്നു.