തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കറിനും വി മുരളീധരനുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ. ഉദ്ഘാടനം ഉറപ്പായ പദ്ധതികൾ സന്ദർശിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യുന്ന കേന്ദ്രമന്ത്രിമാർ ദേശീയ പാതയിലെ കുഴിയെണ്ണാൻ കൂടി തയ്യാറാകണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ മേൽപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പരിശോധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് മുഹമ്മദ് റിയാസിൻ്റെ പരാമർശം.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി എല്ലാ ദിവസവും പത്ര സമ്മേളനം നടത്തുന്നുണ്ട്. അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തേക്കാൾ കുഴി ദേശീയ പാതയിലുണ്ട്. ദേശീയപാതയുടെ തകർച്ച ശ്രദ്ധയിൽ പെടുത്തിയപ്പോഴും അത് പരിഹരിക്കാൻ വേണ്ട ഇടപെടൽ നടത്താൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പിൻ്റെ 25 ശതമാനം തുക സംസ്ഥാനം ചെലവിടാൻ തീരുമാനിച്ചു. 98 ശതമാനം പൂർത്തീകരിച്ചു. 5580 കോടിയാണ് ഇതുവരെ ചെലവിട്ടത്.
ദേശീയപാത വികസനത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. കൊവിഡോ മറ്റ് പ്രശ്‌നങ്ങളോ വന്നില്ലെങ്കിൽ 2025 ഓടെ ദേശീയപാത വികസനം പൂർത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.