തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി കിണറുകളിലെ ജല ഗുണനിലവാരം പരിശോധിക്കുന്നതിന് സഞ്ചരിക്കുന്ന ലാബെന്ന പദ്ധതിയുമായി ഭൂജലവകുപ്പ് (Mobile Water Testing Lab By Irrigation Department). ഭൂജലവകുപ്പിന് നാഷണല്‍ ഹൈഡ്രോളജി പ്രോജക്‌ട് മുഖേനെ ലഭിച്ച സഞ്ചരിക്കുന്ന ലബോറട്ടറി സൗകര്യം പ്രയോജനപ്പെടുത്തിയാണ് പദ്ധതി സൗജന്യമായി നടപ്പിലാക്കുന്നത്. ജല സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്ന ബ്ലോക്കുകളില്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ ഒരു നിരീക്ഷണ കിണര്‍ എന്ന രീതിയിലാണ് കിണറുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ജല ഗുണനിലവാര പ്രശ്‌നമുള്ള ഓരോ ബ്ലോക്ക് കണ്ടെത്തി അവിടെ നിന്നുള്ള കിണറുകളിലെ ജലം പരിശോധിക്കാനുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്‌ച ഇടുക്കി മരിയാപുരം പഞ്ചായത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലുള്ള കിണറുകളെ പ്രത്യേകമായി നമ്പര്‍ ചെയ്‌ത് അടയാളപ്പെടുത്തി ജലം പരിശോധിച്ച് ഗുണനിലവാരം കണ്ടെത്തുകയാണ് ആദ്യപടി.
ഇപ്രകാരം ഉള്ള ഡാറ്റ സമാഹാരണത്തിന് ശേഷം സംസ്ഥാനത്തെ മറ്റ് എല്ലാ ബ്ലോക്കുകളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വാർത്ത കുറിപ്പിലൂടെ പറഞ്ഞു. ഈ പദ്ധതിയില്‍ പങ്കാളികളാകുവാനും തങ്ങളുടെ കിണറുകളിലെ ജലത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുവാനും ഉള്ള അവസരം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഇതിനു മുൻപ് ജലത്തിന്‍റെ ഗുണ നിലവാരം പരിശോധിക്കാനായി കേരള വാട്ടർ അതോററ്റിയുടെ 82 ലാബുകൾ സർക്കാർ പുറത്തിറക്കിയിരുന്നു. കേന്ദ്ര സർക്കാരിന്‍റെ ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ജില്ല തലത്തിലും ഉപജില്ല തലത്തിലും ഉള്ള ലാബുകളിൽ നിന്നു ജനങ്ങൾക്ക് വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്.
ഓൺലൈനായി പണം അടച്ച് ഓൺലൈനായി തന്നെ റിപ്പോർട്ട് നൽകാനുള്ള സൗകര്യം പദ്ധതിയിൽ ആസൂത്രണം ചെയ്‌തിട്ടുണ്ട്. ലാബുകൾക്കൊപ്പം വാട്ടർ മീറ്റർ റീഡിംഗ് നടത്താൻ സഹായിക്കുന്ന സെൽഫ് മീറ്റർ റീഡിങ് ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തിരുന്നു.