തിരുവനന്തപുരം: നികുതി നിര്‍ദേശങ്ങള്‍ എല്ലാ ബജറ്റിലും ഉണ്ടാകുമെന്നും അതില്‍ ഇത്രത്തോളം പ്രതിഷേധം ഉണ്ടാകാറില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും അവയൊന്നും ചര്‍ച്ചയിലില്ലെന്നും അതില്‍ വ്യക്തിപരമായി വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റിന് എതിരെ പ്രതിപക്ഷം സമരം ചെയ്‌തപ്പോള്‍ ജന വിരുദ്ധമായ കേന്ദ്ര ബജറ്റ് ചർച്ചയായില്ല. പ്രതിപക്ഷ സമരത്തിലൂടെ ബിജെപിക്കും കേന്ദ്ര സർക്കാറിനുമാണ് ഗുണമുണ്ടായതെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്‌ടി നഷ്‌ട പരിഹാരം സംബന്ധിച്ച് കേന്ദ്രവുമായി സംസ്ഥാനത്തിന് തര്‍ക്കമില്ല.
റവന്യൂ ഗ്രാൻഡ് നൽകാത്തതിലും കടമെടുപ്പ് പരിധി കുറഞ്ഞതിലുമാണ് സംസ്ഥാനത്തിന് തര്‍ക്കം. ജിഎസ്‌ടി നഷ്‌ട പരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്നും സംസ്ഥാനത്തിന് അഭിപ്രായമുണ്ട്. ഇക്കാര്യങ്ങളാണ് കേരളത്തിൽ നിന്നുള്ള എംപിമാർ ഉന്നയിക്കേണ്ടിയിരുന്നത്. എന്നാൽ കേരളത്തിന്‍റെ താൽപര്യം മനസിലാക്കാതെയുള്ള ചോദ്യമാണ് എം കെ പ്രേമചന്ദ്രൻ ലോക്‌സഭയിൽ ഉന്നയിച്ചത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാമെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.