തിരുവനന്തപുരം : മാനേജ്‌മെന്‍റിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് വൈദ്യുതി ബോര്‍ഡിലെ ഇടതുസംഘടനകള്‍ ആരംഭിച്ച അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ നാളെ തൊഴിലാളി സംഘടന നേതാക്കളുമായി ചർച്ച നടത്തും. വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തുക.
ഇന്ന് വകുപ്പു മന്ത്രിയും നേതാക്കളും തമ്മിൽ എകെജി സെന്‍ററിൽ നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞ സാഹചര്യത്തിലാണിത്. വെള്ളിയാഴ്‌ച (18.02.22) നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രശ്‌നം പരിഹരിക്കാനായിരുന്നു ഇന്ന് എകെജി സെന്‍ററില്‍ ചര്‍ച്ച നടത്തിയത്.
വൈദ്യുതി മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുൻ വൈദ്യുതി മന്ത്രി എംഎം മണി, എളമരം കരിം എം.പി എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി.അശോക് ഏര്‍പ്പെടുത്തിയ തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിഐടിയു, എഐടിയുസി യൂണിയനുകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
താൻ ജനങ്ങൾക്കൊപ്പമാണ്. ബോര്‍ഡ് ചെയര്‍മാനെ മാറ്റുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായിട്ടില്ല. വൈദ്യുതി ബോര്‍ഡിന്‍റെ ഭൂമി കൈമാറ്റം സംബന്ധിച്ച കരാറുകള്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കെ. കൃഷ്‌ണൻകുട്ടി പറഞ്ഞു.
അതേ സമയം ഇതൊരു സാധാരണ സമരം മാത്രമാണെന്നും അനിശ്ചിത കാല സമരമല്ലെന്നും ചര്‍ച്ചകള്‍ക്കു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.