തിരുവനന്തപുരം: പിണറായി വിജയനെപ്പോലെ ജനാധിപത്യ സമരങ്ങളെ ഇതേ രീതിയിൽ അടിച്ചമർത്തിയ മറ്റൊരു മുഖ്യമന്ത്രിയും ഇതിനു മുൻപ് കേരളത്തിലുണ്ടായിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഇതേപോലെ സമരങ്ങളെ അടിച്ചമർത്തിയ ഒരേ ഒരാൾ രാജഭരണ കാലത്തെ സർ സിപിയായിരുന്നു. പിണറായി വിജയൻ അഭിനവ സർ സിപിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ എന്ന വ്യക്തി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളാണെന്നറിയാം. എന്നാൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇത്തരത്തിൽ ആകാൻ പാടില്ല. ലൈഫ് ഭവന പദ്ധതിയാൽ അഴിമതിയില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ എന്തിന് സർക്കാർ നിൽക്കുന്നു. സിബിഐ അന്വേഷണം എതിർത്തുകൊണ്ടുള്ള ഹർജി പിൻവലിച്ചാൽ ലൈഫിൽ അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും വാദം അംഗീകരിക്കാമെന്നും ഹസൻ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന യാത്രയ്ക്ക് പ്രതിരോധ യാത്ര എന്ന പേരു നൽകിയത് അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. സ്വർണക്കടത്തിൽ പുതിയ വെളിപ്പെടുത്തലും ലൈഫിൽ ശിവശങ്കരൻ്റെ അറസ്റ്റും വന്നതോടെ പിണറായി വിജയനെ ജാഥയിലുടനീളം ഗോവിന്ദൻ മാസ്റ്റർക്ക് പ്രതിരോധിക്കേണ്ടി വരും. അതിനാൽ ഈ ജാഥയ്ക്ക് പിണറായി പ്രതിരോധ യാത്രയെന്ന് നാമകരണം ചെയ്യുന്നതാണ് ഉചിതമെന്നും ഹസൻ പരിഹസിച്ചു.
സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള രഹസ്യ സംഭാഷണത്തിൻ്റെ വിശദാംശങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.