തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്ത് മതന്യൂനപക്ഷങ്ങള്‍ ഇല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരമാര്‍ശം സംസ്ഥാന രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാനെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. സംഘപരിവാര്‍ നടത്തുന്ന അതേ പ്രചാരണമാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂന പക്ഷ പ്രീണനത്തിനാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തുനിഞ്ഞിറങ്ങിയിരിക്കുന്നത്. എല്ലാ വിഭാഗങ്ങളില്‍പെട്ടവരും കോണ്‍ഗ്രസിന്‍റെ നേതൃനിരയില്‍ എത്തിയിട്ടുണ്ട്. മത വിഭാഗങ്ങളുടെ പ്രതിനിധിയായല്ല കോണ്‍ഗ്രസ് നേതൃനിരയില്‍ എത്തുന്നത്. അങ്ങനെ ചിന്തിച്ചല്ല കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ആളെ എത്തിക്കുന്നത്.
ALSO READ: കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് വാര്‍ഡ് തല സമിതികള്‍ ശക്തമാക്കും
കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണ്. വര്‍ഗ സമരം ഉപേക്ഷിച്ച സി.പി.എം ഇപ്പോള്‍ വര്‍ഗീയതയ്ക്കാണോ പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കണം. സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നതു കേട്ട് ലജ്ജ തോന്നുന്നു. എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കല്ലാതെ ദേശസ്‌നേഹമുള്ള ആര്‍ക്കെങ്കിലും ചൈനയെ വാഴ്ത്താന്‍ കഴിയുമോ. ചൈനീസ് ചാരന്‍മാരെ പോലെയാണ് എസ്.ആര്‍.പി അടക്കമുള്ളവര്‍ സംസാരിക്കുന്നത്.
കൂറ് എവിടെയെന്ന് സി.പി.എം വ്യക്തമാക്കണം. കെ - റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല, പദ്ധതി കേരളത്തെ രണ്ടായി കീറിമുറിക്കും. പരിസ്ഥിതിയെ പൂര്‍ണമായി തകര്‍ക്കും. ധീരജിന്‍റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കുമെന്ന സുധാകരന്‍റെ പ്രസ്‌താവനയില്‍ അപാകതയില്ലെന്നും എംഎം ഹസന്‍ പറഞ്ഞു.