തിരുവനന്തപുരം : പാർട്ടിക്കുള്ളിൽ പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഐക്യം നഷ്‌ടപ്പെടാൻ കാരണക്കാരായവരുമായി ഇനി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കമാൻഡിന് മാത്രമേ അത് പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നും ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താരിഖ് അൻവർ മാത്രമല്ല ഹൈക്കമാൻഡെന്നും എന്നാൽ താരിഖ് അൻവർ വിളിച്ചാൽ ചർച്ചയ്ക്ക് പോകുമെന്നും ഹസൻ വ്യക്‌തമാക്കി. പാർട്ടിയിൽ ഗൗരവമേറിയ ഒരു പ്രശ്‌നമുണ്ട്. സുൽത്താൻ ബത്തേരിയിൽ ഉണ്ടാക്കിയ ഐക്യത്തിന് മങ്ങലേറ്റു. സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ലീഡർഷിപ്പ് മീറ്റിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്‌തതാണ്.
ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നായിരുന്നു തീരുമാനം. അന്ന് ഒരു സമവായ കമ്മിറ്റി രൂപീകരിച്ചിരുന്നു. തർക്കമുള്ള ബ്ലോക്കുകൾ ചർച്ച ചെയ്യുമ്പോൾ മുൻ കെപിസിസി അധ്യക്ഷൻമാരോട് ചർച്ച ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ആ ചർച്ച നടന്നില്ല. അതോടെ ഐക്യത്തിന് മങ്ങലേറ്റു. പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടു.
അത് വീണ്ടെടുക്കണമെന്ന് വളരെ നിർബന്ധമുണ്ട്. കൂട്ടായ നീക്കത്തിലൂടെ നൂറ് ശതമാനം വിജയം നേടണമെന്നും എംഎം ഹസൻ വ്യക്‌തമാക്കി. ഐക്യം പുനഃസ്ഥാപിക്കാൻ ഹൈക്കമാൻഡിന് മാത്രമേ കഴിയൂ. പുനഃസംഘടനയുടെ കാര്യത്തിൽ ചർച്ചകൾ നടന്നില്ല. നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം ചർച്ചകൾ നടത്താതെയുള്ള നാടകീയ പ്രഖ്യാപനങ്ങളാണ്.
ചർച്ച നടന്നിരുന്നുവെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ല. തന്നോടും രമേശ് ചെന്നിത്തലയോടും ചർച്ച ചെയ്യണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. കെ സുധാകരനെതിരെയോ വി ഡി സതീശനെതിരെയോ ഒരു നീക്കവും തങ്ങൾ നടത്തിയിട്ടില്ല. സതീശന് എതിരായ വിജിലൻസ് അന്വേഷണവും പാർട്ടിയിലെ പ്രശ്‌നങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല.
വിജിലൻസ് അന്വേഷണം പകപോക്കൽ : അതേസമയം പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് അന്വേഷണം മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിലുള്ള പക പോക്കലാണെന്നും ഹസൻ കുറ്റപ്പെടുത്തി. അന്വേഷണം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവിനെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് ഇതിനെ ഒറ്റക്കെട്ടായി തന്നെ ചെറുക്കുമെന്നും പ്രതിപക്ഷ നേതാവിനെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ഹസൻ പറഞ്ഞു.
സോളാർ കമ്മിഷൻ റിപ്പോർട്ട് ജുഡീഷ്യറിക്ക് തന്നെ കളങ്കമുണ്ടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് കേരളത്തിന് തന്നെ അപമാനമാണ്. സോളാർ അഴിമതിക്കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കോടികൾ വാങ്ങിയാണ് ഉമ്മൻചാണ്ടിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യത്തിൽ ഹൈക്കോടതി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് എതിരായ കേസ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണ്. മോദിയുടെ അതേ സമീപനമാണ് പിണറായി സർക്കാര്‍ സ്വീകരിക്കുന്നതെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി.
നിയമന പട്ടികയ്‌ക്കെതിരെ പരാതി : അതേസമയം കെപിസിസി പുറത്തിറക്കിയ പുതിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരുടെ നിയമന പട്ടികയ്‌ക്കെതിരെ കഴിഞ്ഞ ദിവസം മാടായി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എവി സനൽകുമാർ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു.
കോൺഗ്രസിന്‍റെ എഴുതി തയ്യാറാക്കിയ ഭരണഘടനയിലെ വ്യവസ്ഥകൾ പരസ്യമായി ലംഘിച്ചുകൊണ്ട് ബൂത്ത് തലം മുതലുള്ള സംഘടന തെരഞ്ഞെടുപ്പ് നടത്താതെ ഭാരവാഹികളെ നിയമിച്ചു എന്നതാണ് പരാതി. ചില നേതാക്കളുടെ താത്‌പര്യമനുസരിച്ച് ഭാരവാഹികളെ നിയമിച്ച നടപടിയെയാണ് കോടതിയിൽ ചോദ്യം ചെയ്‌തതെന്നും പരാതിക്കാരനായ സനൽകുമാർ വ്യക്തമാക്കിയിരുന്നു.