തിരുവനന്തപുരം: ജോസ് കെ.മാണിയുടെ നടപടി യു.ഡി.എഫിനോടുള്ള വഞ്ചനയെന്ന് കണ്‍വീനര്‍ എം.എം.ഹസന്‍. നാല് വെള്ളിക്കാശിനു വേണ്ടിയാണ് ജോസ്.കെ.മാണി യു.ഡി.എഫിനെ വഞ്ചിച്ചത്. യു.ഡി.എഫിന് ഒരു നഷ്‌ടവുമില്ലെന്നും ഹസന്‍ പറഞ്ഞു. രാജ്യസഭാംഗത്വം രാജിവച്ചതു കൊണ്ടു മാത്രം രാഷ്‌ട്രീയ ധാര്‍മ്മികത ജോസ് കെ.മാണി ഉയര്‍ത്തിപ്പിടിച്ചുവെന്നു പറയാനാകില്ല. കോട്ടയം ലോക്‌സഭാംഗത്വവും ജോസ് കെ മാണി വിഭാഗം രാജിവെക്കണം. സി.പി.എം നിയമസഭക്കകത്തും പുറത്തും വേട്ടയാടിയ കെ.എം.മാണിയുടെ ആത്മാവ് ജോസ്.കെ.മാണിയോട് പൊറുക്കില്ല. ജോസിന്‍റെ രാഷ്‌ട്രീയ സദാചാര വിരുദ്ധ നിലപാട് യു.ഡി.എഫ് കേരളത്തിലെ ജനങ്ങളോടു പറയും. ഇടതുമുന്നണിയിലേക്കു പോകാനുള്ള തീരുമാനം ആത്മഹത്യാപരമെന്ന് ജോസ് കെ.മാണി തിരിച്ചറിയുമെന്നും എം.എം. ഹസന്‍ വിമര്‍ശിച്ചു.
കക്ഷത്തിലുള്ളതു പോകാതെ ഉത്തരത്തിലിരിക്കുന്നതെടുക്കാന്‍ ശ്രമിച്ച സി.പി.എമ്മിന് തിരിച്ചടിയേറ്റു. പാല സീറ്റ് ജോസ്.കെ.മാണിക്ക് വിട്ടു കൊടുത്താല്‍ യു.ഡി.എഫിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ച് പാലാ എം.എല്‍.എ മാണി സി.കാപ്പന്‍ പ്രതിപക്ഷ നേതാവിനെ സമീപിച്ചിട്ടുണ്ട്. എന്‍.സി.പി, യു.ഡി.എഫിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചാല്‍ അക്കാര്യം പരിഗണിക്കുമെന്നും. ജോസിന്‍റെ വരവ് എല്‍.ഡി.എഫിന് ഗുണകരമാണോ എന്നത് വരുന്ന തെരഞ്ഞെടുപ്പുകളിലൂടെ അവര്‍ക്ക് ബോധ്യമാകുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.