തിരുവനന്തപുരം: കേരള പൊലീസിന്‍റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സിഎജി റിപ്പോർട്ടിനെ കുറിച്ച് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി പരിശോധിക്കുമെന്നും, റിപ്പോർട്ട് ചോർന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ 2015ൽ മൂന്നംഗ ബോർഡ് അന്വേഷണം ആരംഭിച്ചിരുന്നു. എണ്ണത്തിൽ കുറവില്ലെന്നാണ് അന്ന് കണ്ടത്തിയത്. 2013 മുതൽ 2015 വരെ ആയുധങ്ങളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കാണാതായവയ്ക്ക് പകരം ഡമ്മി കാഡ്രിഡ്ജുകൾ വച്ചതെന്നും ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ കേസിനെ സർക്കാർ നിസാരവത്കരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിഎജി റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കാൻ ഹോം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് സിഎജിയെ അവഹേളിക്കാനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
എന്നാൽ സിഎജി റിപ്പോർട്ടിനെ കുറിച്ചല്ല പ്രതിപക്ഷ നേതാവിന്‍റെ കത്തിലെ വിഷയങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ഹോം സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി മറുപടി നൽകി. പൊലീസിനെതിനായ സിഎജി കണ്ടെത്തലുകളിൽ ആദ്യമായാണ് മുഖ്യമന്ത്രി വിശദമായ പ്രതികരണം നടത്തിയത്. മാർച്ച് 31 ന് മുൻപ് ബഡ്ജറ്റ് പാസാക്കാനായി ചേർന്ന നിയമസഭയുടെ ചോദ്യോത്തരവേളയിൽ തന്നെ പൊലീസ് തലപ്പത്തെ അഴിമതി പ്രതിപക്ഷം ആയുധമാക്കി. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളിൽ ഭൂരിഭാഗവും തോക്കും വെടിയുണ്ടകളും കാണാതായതുമായി ബന്ധപ്പെട്ടായിരുന്നു. ഇതിനെ തുടർന്ന് ഒന്നും, ഒൻപതും ചോദ്യങ്ങൾ മാത്രം ഉന്നയിച്ചാൽ മതിയെന്ന് സ്പീക്കർ നിർദേശം നൽകിയിരുന്നു.