തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് വീട്ടമ്മക്ക് നേരെ മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ കസ്‌റ്റഡിയിൽ. തിരുവനന്തപുരത്തുള്ള ഒരു ലൈബ്രറിയിലെ ജീവനക്കാരനെയാണ് പേട്ട പൊലീസ് കസ്‌റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.
തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. പാറ്റൂർ മൂലവിളാകത്തെ വീട്ടിൽ നിന്നും ദന്താശുപത്രിയിലേക്ക് പോയ വീട്ടമ്മയ്ക്ക് നേരെയാണ് മോശം പെരുമാറ്റമുണ്ടായത്. ബൈക്കിലെത്തിയ പ്രതി വീട്ടമ്മയോട് അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവശേഷം ഇയാൾ ബൈക്കുമായി കടന്നുകളഞ്ഞു. തുടർന്ന് വീട്ടമ്മ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്‌ടറുടെ ഭാര്യയ്ക്ക് നേരെയാണ് മോശം പെരുമാറ്റം ഉണ്ടായത്.
മുമ്പും സമാന സ്ഥലത്ത് അതിക്രമം: നഗരത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുകയാണ്. ഒന്നര മാസങ്ങൾക്ക് മുമ്പാണ് ഇതേസ്ഥലത്ത് വച്ച് മറ്റൊരു സ്ത്രീയും അക്രമണത്തിനിരയാകുന്നത്. കേസിൽ പ്രതിയെ പൊലീസ് ഇതുവരെ പിടികൂടിയിട്ടുമില്ല. കഴിഞ്ഞ 13നായിരുന്നു ഈ സംഭവം. രാത്രി 11ന് മരുന്ന് വാങ്ങാനായി വഞ്ചിയൂർ മൂലവിളാകം ജങ്ഷനിലെത്തിയ 49 കാരിയെ ബൈക്കിലെത്തിയയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ സ്‌ത്രീയുടെ കൈയ്‌ക്കും കണ്ണിനും പരിക്കേറ്റു.
നടപടിയെടുക്കാതെ പൊലീസ്: സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. ഫോണ്‍ വിളിച്ചതോടെ മേല്‍വിലാസം ചോദിച്ചതിന് ശേഷം ഇവര്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസിലായതോടെ മകളെയും കൂട്ടി വീട്ടമ്മ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ചികിത്സ തേടിയതിനെല്ലാം ശേഷമാണ് പൊലീസ് തങ്ങളുമായി ബന്ധപ്പെട്ടതെന്നും പരാതിക്കാരി അറിയിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് പരാതിക്കാരി കമ്മിഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് പൊലീസ് അന്വേഷണത്തിന് തയ്യാറായത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡും ചെയ്‌തിരുന്നു. സംഭവം നടന്ന് ഇതുവരെയും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ഷാഡോ പൊലീസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘം സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയിട്ടും പുരോഗതി ഉണ്ടായില്ല.
അതിക്രമങ്ങള്‍ കേരളത്തിന് പുറത്തും: കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. തമിഴ്‌നാട്ടിലെ വേളാച്ചേരി സ്വദേശിനി നടുറോഡില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പിറകെ ബൈക്കിലെത്തിയ യുവാവ് ബൈക്ക് ഇടിച്ച് മറിക്കുകയും തുടര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ എഞ്ചിനീയറിങ് കോളജ് അസിസ്റ്റന്‍റ് പ്രൊഫസറായ ഏലിയാസ് ശരവണ്‍ അറസ്റ്റിലായിരുന്നു.