തിരുവനന്തപുരം : ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ പത്തനംതിട്ട ഇലന്തൂരില്‍ സ്‌ത്രീകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംഭവം അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതും ആലോചിക്കാന്‍ പോലും കഴിയാത്തതുമായ ക്രൂരകൃത്യമാണിത്.
also read: അസാധാരണ ക്രൂരകൃത്യം സാമ്പത്തിക ലാഭത്തിന് വേണ്ടി: കൂടുതല്‍ അന്വേഷണമെന്ന് പൊലീസ് കമ്മിഷണർ
കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത മിസ്സിംഗ് കേസിലെ അന്വേഷണത്തിലാണ് ക്രൂരകൃത്യത്തിന്‍റെ ചുരുളഴിക്കാന്‍ പൊലീസിന് കഴിഞ്ഞത്.
എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം(52), ഇടുക്കി സ്വദേശിയും കാലടിയിലെ താമസക്കാരിയുമായ റോസ്‌ലിന്‍ എന്നിവരാണ് തിരുവല്ലയില്‍ കൊല്ലപ്പെട്ടത്. ജൂലൈ, സെപ്‌റ്റംബര്‍ മാസങ്ങളിലായി ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
also read: കേരളത്തില്‍ നരബലി: തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു
ഇരുവരെയും കൊച്ചിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയി തിരുവല്ലയിലെത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു.തിരുവല്ല കോഴഞ്ചേരി ഇലന്തൂരിലെ വൈദ്യനായ ഭഗവന്ത്-ലൈല ദമ്പതികള്‍ക്ക് വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്നയാളാണ് സ്‌ത്രീകളെ തിരുവല്ലയില്‍ എത്തിച്ചത്.
ഷിഹാബാണ് സംഭവത്തില്‍ ഏജന്‍റായി പ്രവര്‍ത്തിച്ചതെന്നും മൂവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍.