തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്‌ത് കൊടുത്ത അമ്മയ്‌ക്ക് ശിക്ഷ വിധിച്ച് കോടതി. 40 വര്‍ഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ആര്‍ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ 6 മാസം കൂടുതല്‍ തടവ് ശിക്ഷ അനുഭവിക്കണം. അമ്മയുടെ കാമുകനാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്തറിഞ്ഞതോടെ ഇയാള്‍ ജീവനൊടുക്കുകയും ചെയ്‌തു.
2018 മുതല്‍ 2019 സെപ്‌റ്റംബര്‍ വരെയാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്. മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം താമസിക്കുകയായിരുന്നു. രണ്ട് പെണ്‍മക്കളും അമ്മക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് കുട്ടികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട 7 വയസുകാരി അമ്മയോട് വിവരം അറിയിച്ചിരുന്നെങ്കിലും അത് കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു അമ്മയുടെ മറുപടി. തുടര്‍ന്നും ഇയാള്‍ പീഡനം തുടരുകയാണുണ്ടായത്.
പതിനൊന്ന് കാരിയായ മറ്റൊരു മകള്‍ ഇടയ്‌ക്ക് വീട്ടില്‍ വന്നപ്പോഴും 7 വയസുകാരി പീഡനകാര്യം അറിയിച്ചു. താനും പീഡനത്തിന് ഇരയായ കാര്യം ചേച്ചി അനിയത്തിയോടും പറഞ്ഞു. തുടര്‍ന്നാണ് ഇരുവരും മുത്തശ്ശിയോട് വിവരം പറഞ്ഞത്.
വിവരം അറിഞ്ഞ മുത്തശ്ശി ഇരുവരെയും ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.അവിടെ വച്ച് നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടികള്‍ പീഡനത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറഞ്ഞത്. ഇതിന് പിന്നാലെ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു. ഇതിനിടെ പ്രതി സ്ഥാനത്തുള്ള കാമുകന്‍ ജീവനൊടുക്കി.
കുട്ടികളെ പീഡിപ്പിച്ച വ്യക്തി മരിച്ചു, അതുകൊണ്ട് തന്നെ പീഡിപ്പിച്ചതിനല്ല പീഡനത്തിന് ഒത്താശ ചെയ്‌ത കുറ്റത്തിനാണ് പെണ്‍കുട്ടികളുടെ അമ്മ ശിക്ഷിക്കപ്പെട്ടതെന്ന കാര്യം കോടതി വിധിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. പോക്സോ നിയമം പരിഷ്കരിച്ച ശേഷം കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞ വ്യക്തി വിവരം മറച്ച് വച്ചാല്‍ വരെ ശിക്ഷിക്കപ്പെടാം. ഈ പശ്ചാത്തലത്തിലാണ് സ്വന്തം കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളായിട്ടും വിവരം അധികൃതരെ അറിയിക്കാതെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌ത അമ്മയ്ക്ക് ലഭിച്ച ശിക്ഷ സമൂഹത്തിന് പാഠമാകുന്നതും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ.ആർവൈ അഖിലേഷ് എന്നിവര്‍ ഹാജരായി. പള്ളിക്കൽ പൊലീസ് ഇൻസ്പെക്ർടമാരായിരുന്ന അനിൽ കുമാർ, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്. 22 സാക്ഷികളും 33 രേഖകളും കോടതിയില്‍ ഹാജരാക്കി. നിലവില്‍ പെണ്‍കുട്ടികള്‍ രണ്ട് പേരും ചില്‍ഡ്രന്‍സ് ഹോമിലാണ് താമസം. also read: 15കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും