തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ സംബന്ധിച്ച് മന്ത്രിമാരെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാല് മന്ത്രിമാരെയാണ് അത്താഴ വിരുന്നിനും ചർച്ചയ്ക്കുമായി രാജ്ഭവൻ ക്ഷണിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയെങ്കിലും ഗവർണർ എട്ട് ബില്ലുകളാണ് ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നത്.
ഇതിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ പുറത്താക്കുന്ന ബില്ലാണ് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ളത്. മന്ത്രിമാരായ വി എൻ വാസവൻ, പി രാജീവ്, ആർ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരെയാണ് ഗവർണർ കൂടിക്കാഴ്‌ചക്ക് ക്ഷണിച്ചിരിക്കുന്നത്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന്‍റെ സ്വാധീനം ഉറപ്പിക്കുന്ന ബിൽ, യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ബിൽ എന്നിവയും സർവകലാശാല ബില്ലിനോട് ചേർന്നുനിൽക്കുന്നതാണ്. ഇവയെക്കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെടുന്നതിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ ഗവർണർ ക്ഷണിച്ചിരിക്കുന്നത്.
ഇതുകൂടാതെ കാലിക്കറ്റ് സർവകലാശാലയിൽ താത്‌കാലിക സിൻഡിക്കേറ്റിനെ നാമനിർദേശം ചെയ്യുന്നതിനുള്ള കരട് ബിൽ നിയമസഭയിൽ അവതരിപ്പിക്കാനുള്ള അനുമതിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണ്ണറോടു തേടും. മിൽമ ഭരണം സർക്കാറിന്‍റെ നിയന്ത്രണത്തിൽ ആക്കുന്ന ബില്ലിന് അനുമതി തേടിയാണ് വാസവനും ചിഞ്ചു റാണിയും ഗവർണറെ കാണുന്നത്. ലോകായുക്ത നിയമഭേദഗതി കശുവണ്ടി ഫാക്‌ടറി ബില്ലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് നിയമ മന്ത്രിയെ ഗവർണർ ക്ഷണിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയിട്ടും ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് നേരത്തെ കത്തയച്ചിരുന്നു.
സർവകലാശാല ബില്ലിന്‍റെ കാര്യത്തിൽ രാഷ്ട്രപതി തീരുമാനം കൈക്കൊള്ളുമെന്ന നിലപാടിലാണ് ഗവർണറുള്ളത്. നാളെ വൈകിട്ടാണ് അത്താഴവിരുന്നിനും ചർച്ചകൾക്കുമായി മന്ത്രിമാരെ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള ഗവർണർ നാളെ വൈകുന്നേരത്തോടെയെ മടങ്ങിയെത്തുകയുള്ളൂ. അതിന് അടുത്ത ദിവസം തന്നെ ഹൈദരാബാദിലേക്ക് പോവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ മന്ത്രിമാരുമായുള്ള ചർച്ചകൾക്ക് ശേഷവും ബില്ലിൻ മേലുള്ള അന്തിമ തീരുമാനം വൈകാനാണ് സാധ്യത.