തിരുവനന്തപുരം: കേൾവി ഇല്ലാത്തവർക്ക് സർക്കാർ ജോലിയില്ല എന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച നാല് ശതമാനം സംവരണത്തിലെ 49 തസ്തികകൾ നിശ്ചയിച്ചത്. പുതിയ ഭിന്നശേഷി അവകാശ നിയമ പ്രകാരം ഓരോ തസ്തികയും അനുയോജ്യമാണെന്ന് പരിശോധിക്കുന്നത് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ്.
ഓരോ ജോലിയുടെയും ജോബ് റിക്വയർമെന്‍റ് അനുസരിച്ച് നിഷിന്‍റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ശാസ്ത്രീയമായി വിലയിരുത്തിയത് അനുയോജ്യമാണെന്ന് കണ്ടെത്തുന്നത്. ഒരു നോട്ടിഫിക്കേഷൻ വച്ച് കേൾവി ഇല്ലാത്തവർക്ക് സംവരണം ഇല്ലെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. എക്സ്പെർട്ട് കമ്മിറ്റി ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും ജോലിയിൽ പൂർണമായ കേൾവി ഇല്ലാത്തവർക്ക് അർഹതപ്പെട്ടതുണ്ട് എന്ന് കണ്ടെത്തിയാൽ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ തയ്യാറാണെന്നും ആരോഗ്യ മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.