തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മന്ത്രി വീണ ജോര്‍ജ് ഉന്നതതല യോഗം വിളിച്ചു. രാജ്യവ്യാപകമായി കൊവിഡ് വര്‍ധിക്കുന്നതിനൊപ്പം കേരളത്തിലും രോഗ ബാധിതരുടെയെണ്ണം വര്‍ധിക്കുന്നുണ്ട്. നിലവില്‍ കൊവിഡ് നാലാം തരംഗം നേരത്തെയെത്തുമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
ഇന്ന് വൈകിട്ട് 5ന് ചേരുന്ന യോഗത്തില്‍ ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഡി എം ഒ മാരും പങ്കെടുക്കും. രോഗ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ പരിശോധനയ്ക്ക് വിധേയമാക്കും. രോഗ ലക്ഷണങ്ങളുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുക. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.
നിലവില്‍ സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം കുറവാണ്. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു.
കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത് മുതലുള്ള കഴിഞ്ഞ 14 ദിവസത്തിനിടയില്‍ 3795 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 290 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
also read: മദ്രാസ് ഐഐടിയിൽ 30 പേര്‍ക്ക് കൂടി കൊവിഡ്