തിരുവനന്തപുരം: സംസ്ഥാനത്തെ ആന്‍റിബയോട്ടിക്കിന്‍റെ ഉപയോഗം കുറയ്ക്കാന്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്. മെഡിക്കല്‍ സ്റ്റോറുകളിലൂടെ ഇനി ഡോക്‌ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക്കുകള്‍ നല്‍കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡോക്‌ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കിയാല്‍ ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി (Health Minister Veena George).
ആന്‍റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകള്‍ വില്‍പ്പന നടത്തിയതായി പരാതി ലഭിച്ചാല്‍ വിട്ടുവീഴ്‌ച്ചയില്ലാത്ത നടപടി സ്വീകരിക്കും. ഇതിനായി പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് പരാതി നല്‍കാമെന്നും മന്ത്രി അറിയിച്ചു (Antibiotics Distribution In Kerala).
മരുന്നില്ലെന്നത് തെറ്റ്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി. ആശുപത്രികളിലെ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിസ്റ്റമാറ്റിക്കായാണ് കൊണ്ടുപോകുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 627 കോടി രൂപയുടെ മരുന്നുകളാണ് വാങ്ങിയിട്ടുള്ളത്. അതിനാല്‍ മരുന്ന് ധാരാളമായി സ്റ്റോക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി (Antibiotics Distribution Will Ban In Kerala).
എന്‍എച്ച്‌എം പദ്ധതികള്‍ താളം തെറ്റുന്നു: കോബ്രാന്‍ഡിങ്ങിന്‍റെ പ്രശ്‌നം ഉന്നയിച്ച് കേന്ദ്രം ഫണ്ട് നല്‍കാത്തതിനാലാണ് സംസ്ഥാനത്തെ എന്‍എച്ച്‌എം പദ്ധതികള്‍ താളം തെറ്റുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര വിഹിതം 60 ശതമാനമാണ് നല്‍കേണ്ടത്. അത് കേന്ദ്രം നല്‍കുന്നില്ല.
കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള 278.4 കോടി രൂപ ലഭിച്ചില്ല. നിലവില്‍ ആരോഗ്യ വകുപ്പ് സംസ്ഥാനത്തിന്‍റെ വിഹിതം ഉപയോഗിച്ചാണ് മുന്നോട്ട് പോകുന്നത്. കോബ്രാന്‍ഡിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രം പറഞ്ഞ 99 ശതമാനവും പൂര്‍ത്തിയാക്കി. എന്നിട്ടും ദൗര്‍ഭാഗ്യവശാല്‍ ഫണ്ട് നല്‍കുന്നില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.