തിരുവനന്തപുരം: ചാല മാർക്കറ്റിലെ റെയിൻബോ പ്ലാസയില്‍ അതിഥി തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്നയിടം സന്ദര്‍ശിച്ച് മന്ത്രി വി.ശിവന്‍കുട്ടി. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവുമില്ലാതെ താമസിക്കുന്ന തൊഴിലാളികളെ മാറ്റാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ലേബര്‍ വകുപ്പുമായി ചര്‍ച്ച നടത്തിയതിന് ശേഷം തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നതിനായി ഉടനടി നടപടിയെടുക്കുമെന്ന് ആര്യ രാജേന്ദ്രന്‍ അറിയിച്ചു. വൃത്തിഹീനവും സുരക്ഷിതവുമല്ലാത്ത സാഹചര്യത്തില്‍ ജീവിക്കുന്നതിനെ കുറിച്ച് കലക്‌ടര്‍ അനുകുമാരി ഐഎഎസ് തൊഴിലാളികൾക്ക് ബോധവത്‌കരണം നല്‍കി.
റെയിൻബോ പ്ലാസയുടെ ടെറസില്‍ പ്ലാസ്‌റ്റിക് ഷീറ്റിട്ടാണ് തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. മണ്ണെണ്ണ ഉള്‍പ്പടെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന 50 ഓളം പാചക വാതക സിലിണ്ടറുകളാണ് ഇവിടെയുള്ളത്. 100 ഓളം തൊഴിലാളികളാണ് ടെറസില്‍ തിങ്ങി പാര്‍ക്കുന്നത്. ആവശ്യമായ ശുചിമുറി സൗകര്യങ്ങളുമില്ല. ആള്‍ക്കൊന്നിന് 100 രൂപയെന്ന നിലയിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് ടെറസിലെ ഗ്യാസ് സിലിണ്ടറില്‍ തീപിടിത്തമുണ്ടായത്. അണയ്‌ക്കാന്‍ അഗ്‌നി ശമന സേനയെത്തിയപ്പോഴാണ് തൊഴിലാളികളുടെ താമസ സ്ഥലത്തെ കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയ നഗരസഭ തൊഴിലാളികളെ മാറ്റണമെന്നറിയിച്ച് കെട്ടിട ഉടമയ്‌ക്ക് നോട്ടിസ് നല്‍കിയിരുന്നു.
എന്നാല്‍ നോട്ടിസ് സംബന്ധിച്ചുള്ള വിശദാംശങ്ങളൊന്നും നഗരസഭയെ അറിയിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് മന്ത്രിയും മേയര്‍ ആര്യ രാജേന്ദ്രനും അടക്കമുള്ള സംഘം സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയത്.