തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്ക് ജൂൺ മാസത്തെ ശമ്പളം ഒരാഴ്‌ചയ്‌ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്ക് ജൂലൈ മാസം അവസാനിക്കാറായിട്ടും ജൂണ്‍ മാസത്തെ വേതനം ലഭിച്ചിരുന്നില്ല. ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തില്‍ പാചക തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ.
ജൂൺ, ജൂലൈ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപയാണ് അനുവദിച്ചത്. പാചക തൊഴിലാളികൾക്കുള്ള ഹോണറേറിയമായി 37 കോടി രൂപയാണ് അനുവദിച്ചത്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക് 89 കോടി രൂപയും അനുവദിച്ചു.
13766 പാചകത്തൊഴിലാളികൾക്കും 12110 പ്രധാനാധ്യാപകർക്കും അനുവദനീയമായ തുക ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാചക തൊഴിലാളികളാണ് സെക്രട്ടറിയേറ്റിലേക്ക് ഈ ആവശ്യം ഉന്നയിച്ച് മാർച്ച് നടത്തിയത്.
സിപിഎമ്മിന്‍റെ പോഷക സംഘടനയായ സി.ഐ.ടി.യു.വിന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച്. ജൂണ്‍ മാസത്തെ വേതനം ജൂലൈ അവസാനിക്കാറായിട്ടും കിട്ടാതായതോടെയാണ് സമരം ചെയ്യാന്‍ പാചക തൊഴിലാളികൾ തിരുവനന്തപുരത്തെത്തിയത്. മന്ത്രിയുടെ ഇടപെടലോടെ വിഷയത്തിൽ പരിഹാരമായി.