തിരുവനന്തപുരം: ജന്‍ഡർ ന്യൂട്രൽ യൂണിഫോം ഒരു സ്‌കൂളിലും അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. തുല്യത യൂണിഫോം വിഷയത്തിൽ സർക്കാറിന് ഒരു നിർബന്ധവും ഇല്ല.
തുല്യത യൂണിഫോം നടപ്പാക്കണം എന്നുള്ള സ്‌കൂളുകൾ, പിടിഎയുമായി ആലോചിച്ച് സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും. നിലപാട് സർക്കാർ വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നു. അതിന്‍റെ പേരിൽ പ്രതിഷേധം ആലോചിക്കുന്നവർ അതിൽ നിന്ന് പിന്മാറണമെന്നും മന്ത്രി പറഞ്ഞു.
ജെന്‍ഡർ ന്യൂട്രൽ യൂണിഫോം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടനകൾ കോഴിക്കോട് യോഗം ചേർന്നിരുന്നു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് സംശയാസ്‌പദമാണെന്നായിരുന്നു സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.
ജെന്‍ഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിനെതിരെ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായിയും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വീണ്ടും സർക്കാർ നിലപാട് വ്യക്തമാക്കിയത്.