തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ താൻ പറഞ്ഞ വാക്കുകളിൽ വരുന്ന ട്രാേളുകളിൽ വലിയ സന്തോഷമുണ്ടെന്നും അവ ആസ്വദിക്കുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലെ പ്രതിപക്ഷ സമരത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് മന്ത്രി പരാമർശിച്ചത്. തങ്ങളും സമരം ചെയ്‌തിട്ടുണ്ടെന്നും ഇപ്പോൾ കാണുന്ന രീതിയിൽ പ്രതിഷേധിച്ചിട്ടില്ലെന്നുമാണ് പ്രതിപക്ഷത്തെ കുറിച്ച് വി ശിവൻകുട്ടി പറഞ്ഞത്.
പിന്നാലെ, ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ഇടതുപക്ഷം സഭയ്ക്കകത്ത് നടത്തിയ പ്രതിഷേധ സമരങ്ങളും വി ശിവന്‍കുട്ടി സ്‌പീക്കറുടെ ഉപകരണങ്ങൾ നശിപ്പിക്കുന്ന വീഡിയോകളുമായി ട്രോളുകളിൽ നിറഞ്ഞു. എന്നാൽ സ്‌പീക്കർക്ക് സഭയെ കാണാൻ കഴിയാത്ത തരത്തിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നും താൻ ചെയ്‌ത പ്രവർത്തികൾക്ക് സഭയിൽ നിന്ന് സസ്പെൻഷൻ കിട്ടിയിരുന്നെന്നും പറഞ്ഞ ശിവൻകുട്ടി ജനാധിപത്യത്തിന് എതിരെയുള്ള സമരങ്ങളെക്കുറിച്ച് താൻ പ്രതികരിക്കാതിരിക്കണം എന്നാണോ ട്രോളന്മാർ ആഗ്രഹിക്കുന്നതെന്നും ചോദിച്ചു.
പ്രതിപക്ഷത്തിന്‍റെ ഇപ്പോഴത്തെ സമരങ്ങൾ നിയമസഭ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സ്‌പീക്കറെ അപമാനിക്കുന്ന രീതിയിലുള്ള മുദ്രാവാക്യം വിളികളാണ് നടക്കുന്നതെന്നും അതിനെതിരെയാണ് താൻ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പാർലമെന്‍റിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. എന്നുകരുതി പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് പിന്നീട് പ്രതികരിക്കാൻ പാടില്ല എന്നുണ്ടോയെന്നും ട്രോൾ ഇടുന്നവർ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശിവന്‍കുട്ടിക്ക് നേരെ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കള്ളിനെ കുറിച്ച് ശിവന്‍കുട്ടി നടത്തിയ പരാമര്‍ശം ഏറെ പരിഹസിക്കപ്പെട്ടിരുന്നു. കള്ള് കേരള പാനീയമാണെന്നും കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇതേതുടര്‍ന്ന് പരിഹാസ രൂപേണയുള്ള നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം ചില ട്രോളുകള്‍ പങ്കുവച്ചും ശിവന്‍കുട്ടി രംഗത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 14ന് കൗ ഹഗ് ഡേ ആയി ആചരിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ ശിവന്‍കുട്ടി ട്രോളിയിരുന്നു. കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ വിവാഹ സദ്യക്കിടെ പപ്പടത്തിന്‍റെ പേരില്‍ ഉണ്ടായ കൂട്ടത്തല്ല് സംബന്ധിച്ചും അദ്ദേഹം ട്രോള്‍ പോസ്റ്റ് ചെയ്‌തിരുന്നു.