തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളോട് ജനങ്ങള്‍ക്ക് താത്‌പര്യം കുറഞ്ഞ് വരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ പ്രവേശിച്ച വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്ത് വിട്ട കണക്കില്‍ ഇക്കാര്യം വ്യക്തം. സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,164 എണ്ണം കുറവ്. ഈ വർഷം 2 മുതല്‍ 10ാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ പുതുതായി എത്തിയത് 42,059 കുട്ടികളെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്ത കുറിപ്പിൽ പറഞ്ഞു.
2023- 24 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം 37,46,647 ആണ്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലെ മൊത്തം കണക്കാണിത്. ഇതിൽ 3,404,724 വിദ്യാർഥികൾ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിലും 3,41,923 വിദ്യാർഥികൾ അൺ എയ്‌ഡഡ് സ്‌കൂളുകളിലുമാണുള്ളത്.
ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത് എട്ടാം ക്ലാസിലാണ്. 17,011 കുട്ടികളാണ് എട്ടാം ക്ലാസില്‍ മാത്രം പ്രവേശനം നേടിയത്. അഞ്ചാം ക്ലാസില്‍ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയതെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്ത കുറിപ്പിൽ പറഞ്ഞു.
also read: 11 മാസമായി അധ്യാപകർക്ക് ശമ്പളമില്ല, കുട്ടികൾക്ക് ഉച്ചഭക്ഷണവും..! കാസര്‍കോട് ഇങ്ങനെയും ഒരു സ്‌കൂൾ
കഴിഞ്ഞ വർഷത്തെക്കാൾ 86752 വിദ്യാർഥികൾ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ ഈ വർഷം കുറവാണ്.
കഴിഞ്ഞ വർഷം സർക്കാർ, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു. കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസില്‍ പ്രവേശനം നേടിയത് 3,95,852 കുട്ടികളുമായിരുന്നു. പുതുതായി ഈ വർഷം 1,27,539 കുട്ടികള്‍ കൂടുതല്‍ വന്നാല്‍ മാത്രമെ മൊത്തം കുട്ടികളുടെ എണ്ണം വർധിക്കൂവെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ കൂടുതല്‍ മലപ്പുറത്ത്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ളത് മലപ്പുറം (20.73%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.21%) പത്തനംതിട്ട ജില്ലയിലുമാണ്. കോട്ടയം, എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ എണ്ണം മുന്‍ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവുണ്ട് . എയ്‌ഡഡ് വിദ്യാലയങ്ങളിൽ പാലക്കാട് ഒഴികെ 13 ജില്ലകളിലാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുള്ളത്.
ഈ അധ്യയന വര്‍ഷത്തെ ആകെ കുട്ടികളില്‍ പകുതിയിലധികം വിദ്യാർഥികളും ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലുള്ളവരാണ്. ഏകദേശം 20,96,846 വിദ്യാര്‍ഥികളാണ് ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലുള്ളവര്‍. പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം പരിശോധിച്ച് തസ്‌തിക നിർണയത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
also read: നാശോന്മുഖമായി തിരുവനന്തപുരം ഗവൺമെന്‍റ് സംസ്‌കൃത വിദ്യാലയം; അവഗണിച്ച് അധികൃതർ