തിരുവനന്തപുരം : കാര്യവട്ടത്ത് ഈമാസം 15ന് നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്‍റെ വിനോദ നികുതി കുത്തനെ കൂട്ടിയ നടപടിയെ വിവാദ പ്രസ്‌താവനയിലൂടെ ന്യായീകരിച്ച് മന്ത്രി വി അബ്‌ദുറഹിമാന്‍. പട്ടിണിക്കാർ കളി കാണേണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
നികുതി കുറച്ച് നല്‍കിയിട്ടും കഴിഞ്ഞ തവണ ജനത്തിന് ഗുണമുണ്ടായില്ല. ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ബിസിസിഐ നേട്ടമുണ്ടാക്കി. കിട്ടുന്ന നികുതിപ്പണം കായിക മേഖലയുടെ വികസനത്തിന് തന്നെ ഉപയോഗിക്കുമെന്നും, അതുവച്ച് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ നടന്ന മത്സരത്തിൽ 5% ആയിരുന്ന വിനോദനികുതി ഇക്കുറി 12 ശതമാനമായാണ് ഉയർത്തിയത്. 18% ജിഎസ്‌ടി കൂടിയാകുമ്പോൾ നികുതി ഇനത്തിൽ മാത്രം ടിക്കറ്റിന് 30% ശതമാനം വർധനയുണ്ടാകും.