തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ഗവര്‍ണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭരണഘടനയ്‌ക്ക് എതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ഗൗരവത്തോടെയാണ് കാണുന്നതെന്ന് രാജ് ഭവന്‍ അറിയിച്ചു.
വിവാദ പ്രസംഗത്തിന്‍റെ വീഡിയോ അടക്കം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസംഗം പരിശോധിച്ച ശേഷം ഗൗരവതരമെങ്കില്‍ രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് ഗവര്‍ണറുടെ തീരുമാനം. സര്‍ക്കാര്‍ തലത്തിലും ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിശദീകരണങ്ങളെല്ലാം പരിശോധിച്ച ശേഷം ഗവര്‍ണര്‍ ഇന്ന്(ജൂലൈ 5) തന്നെ മാധ്യമങ്ങളെ കാണാനാണ് സാധ്യത. ഇന്ന് വൈകുന്നേരം ഗവര്‍ണര്‍ തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടനയെന്നും ഇതിന്‍റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചു എന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്‍റെ ഉദ്ദേശം എന്നുമായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം.
മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും പറഞ്ഞ മന്ത്രി കോടതികളെയും രൂക്ഷമായി വിമർശിച്ചിരുന്നു.