തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരും ക്രൈസ്‌തവ സഭ നേതൃത്വവുമായി തർക്കമില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. ഈ വിഷയത്തിൽ ഭിന്നതയോ ആശയക്കുഴപ്പമോ ഇല്ല. സർക്കാർ നിലപാട് ബോധ്യപ്പെട്ടാൽ തീരാവുന്ന പ്രതിഷേധങ്ങളെ ഇപ്പോൾ നിലവിലുള്ളൂവെന്ന് കത്തോലിക്ക ബാവ കർദിനാൾ മാർ ബസേലിയേസ് ക്ലിമിസുമായുള്ള കൂടിക്കാഴ്‌ചയില്‍ മന്ത്രി പ്രതികരിച്ചു.
സഭ നേതൃത്വം ആവശ്യമുള്ള ഘട്ടങ്ങളിൽ സർക്കാരിനോട് ആശയ വിനിമയം നാടത്താറുള്ളത് പോലെ ഈ വിഷയത്തിലും ആശയ വിനിമയം നടക്കുന്നുണ്ട്. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഫീൽഡ് സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പറഞ്ഞു.
ഉപഗ്രഹ സർവേയിലെ അപാകതകൾ ഫീൽഡ് സർവേയിലൂടെ പരിഹരിക്കും. വനാതിർത്തിക്കുള്ളിൽ ബഫർ സോൺ നിർത്താനാണ് സർക്കാർ ശ്രമം. കത്തോലിക്ക ബാവ കർദിനാൾ മാർ ബസേലിയേസ് ക്ലിമിസുമായി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്‍റണി രാജു എന്നിവർ കൂടിക്കാഴ്‌ച നടത്തി.