തിരുവനന്തപുരം : ഇടുക്കി ജില്ല രൂപീകരിച്ച നാള്‍ മുതലുള്ള ഭൂപ്രശ്‌നത്തിന് പരിഹാരമായ ഭേദഗതി തയ്യാറാക്കുന്നതിന്‍റെ ഭാഗമായതിൽ അഭിമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയില്‍ ഭൂപതിവ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോയാണ് ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1964 ലെയും 1993ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനായി 2019 ല്‍ നടത്തിയ പ്രഖ്യാപനം നാല് വര്‍ഷം കഴിഞ്ഞിട്ടും നടപടിയാകാത്തതിനാല്‍ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലായിരുന്നു പ്രതിപക്ഷവും വിവിധ കര്‍ഷക സംഘടനകളും.
ഇതിനിടയിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭ കരട് ബില്ലിന് അംഗീകാരം നൽകിയത്. ഈ നിയമസഭ സമ്മേളനത്തിൽ തന്നെ ബിൽ സഭയിൽ കൊണ്ട് വരും. ജില്ലയിലെ കര്‍ഷകരുടെ ആശങ്കകള്‍ ശാശ്വതമായി അകറ്റാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും ഭൂപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി സമാനതകളില്ലാത്തതാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലയിലെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നടത്തിയ നിര്‍ണായക ഇടപെടലുകളും നന്ദിയോടെ സ്‌മരിക്കുന്നുവെന്നും ചരിത്രപരമായ ഇടപെടലിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനവും സംതൃപ്‌തിയുമുണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
ജനുവരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഉടൻ ഭൂപതിവ് ഭേദഗതി ബിൽ കൊണ്ടുവരാൻ നിർദ്ദേശം നൽകിയിരുന്നു. പിന്നീട് ഓഗസ്റ്റിൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ജൂൺ മാസം ഇടുക്കിയിൽ നടന്ന അദാലത്തിൽ ഉറപ്പ് നൽകി. എന്നാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ ലിസ്റ്റിൽ ആദ്യം ഭൂപതിവ് ഭേദഗതി പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ വൻ പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്. മറ്റ് 19 ബില്ലുകൾ ആയിരുന്നു നിയമസഭയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നത്.
നിയമസഭ പരിഗണിക്കുന്ന മറ്റ് ബില്ലുകൾ : കേരള സഹകരണ സംഘം ഭേദഗതി ബില്‍, ശമ്പളവും ആനുകൂല്യങ്ങളും ഭേദഗതി ബില്‍, കേരള മോട്ടോര്‍ തൊഴിലാളി ന്യായ വേതന ഭേദഗതി ബില്‍, ശ്രീ പണ്ടാരവക ഭൂമി ഭേദഗതി ബില്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ഭേദഗതി ബില്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, അബ്‌കാരി ഭേദഗതി ബില്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതി ബില്‍, ഇന്ത്യന്‍ പങ്കാളിത്ത ഭേദഗതി ബില്‍.
15-ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് മുതലാണ് പൂർണ തോതിൽ ആരംഭിച്ചത്. 1960 ലെ ഭൂപതിവ് ഭേദഗതി ബില്‍ ഇന്ന് സഭയിൽ അവതരിപ്പിച്ചേക്കും.