തിരുവനന്തപുരം: സിപിഎം നേതാവിന്‍റെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം സംബന്ധിച്ച് സഭ നിർത്തിവച്ചു ചർച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനമെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം മന്ത്രി തള്ളി. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്.
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിയമപരമായി രൂപീകരിച്ച സമിതികൾ പരിശോധിച്ചാണ് നിയമനങ്ങൾ നടന്നത്. അപൂർവമായാണ് ആരോപണങ്ങൾ ഉണ്ടായിട്ടുള്ളത്. കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പത്ത് അപേക്ഷകളാണ് ലഭിച്ചത്.
ആറ് അപേക്ഷകളാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. വൈസ് ചാൻസലറും ചാൻസലറുടെ പ്രതിനിധിയും അടങ്ങുന്ന സമിതി അഭിമുഖവും നടത്തി. നിയമനങ്ങൾക്ക് സിൻഡിക്കേറ്റ് അംഗീകാരം നൽകി.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഒരുതരത്തിലും മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു.