തിരുവനന്തപുരം : അമൽ ജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തിൽ സമരം ചെയ്യുന്ന കുട്ടികൾക്കെതിരെ നടപടി എടുക്കരുതെന്ന് നിർദേശം നൽകിയിട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ചില സ്വാശ്രയ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് മേൽ അനാവശ്യ നിർബന്ധങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും വിദ്യാർഥികളുടെ അവകാശ പ്രഖ്യാപന രേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി.
കോളജിലേക്ക് വരുന്ന കുട്ടികൾ 18 വയസ് കഴിഞ്ഞവരാണെന്ന ചിന്ത വേണം. പലയിടത്തും വിദ്യാർഥികൾക്ക് മേൽ സദാചാര പൊലീസിങ് നടക്കുന്നുണ്ട്. വിദ്യാർഥികളുടെ മൊബൈൽ പിടിച്ചെടുക്കുന്നത് വ്യക്തി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അതിനാൽ കുട്ടികൾ സമരവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് മേൽ നടപടി എടുക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കും. സ്വാഭാവികമായി ഉണ്ടാകുന്ന വൈകാരികതയുടെ ഭാഗമാണ് വിദ്യാർഥികളുടെ പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു. കാലത്തിനനുസൃതമായിട്ടുള്ള ഒരു സമീപനം പല സ്ഥാപനങ്ങളും നിർഭാഗ്യവശാൽ മുന്നോട്ടു കൊണ്ടുപോകുന്നില്ല.
ഇതിനെതിരായിട്ടാണ് നിയമസഭയിൽ പാസാക്കിയ യൂണിവേഴ്‌സിറ്റി ബില്ലിൽ സ്വാശ്രയ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വിദ്യാർഥികളുടെ ഗ്രീവൻസ് റീഡ്രെസൽ സംവിധാനത്തെ കുറിച്ച് സൂചിപ്പിച്ചത്. പക്ഷേ ആ നിയമവും ഗവർണർ ഒപ്പുവെക്കാത്തതിനാൽ അനിശ്ചിതത്തിൽ ആണെന്ന് മന്ത്രി സൂചിപ്പിച്ചു.
നിലവിൽ കുട്ടികൾക്ക് പരാതി കൊടുക്കാനും അത് പരിഹരിക്കപ്പെടാനും ഉള്ള സംവിധാനങ്ങൾ സ്വാശ്രയ സ്ഥാപനങ്ങളിൽ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളുടെ അവകാശ പ്രഖ്യാപന രേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധയുടെ ആത്മഹത്യ : ഈ കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു അമൽ ജ്യോതി കോളജിലെ ബിരുദ വിദ്യാർഥിനി ശ്രദ്ധയുടെ മരണം. മാനേജ്‌മെന്‍റിന്‍റെ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് വിദ്യാർഥികൾ ആരോപിച്ചത്. ലാബിൽ മൊബൈൽ ഉപയോഗിച്ചതിന് പിന്നാലെ ശ്രദ്ധയുടെ ഫോൺ അധ്യാപകർ പിടിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെ പല കാരണങ്ങൾ പറഞ്ഞ് ശ്രദ്ധയെ അധ്യാപകരും മാനേജ്മെന്‍റും നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർഥികളും ബന്ധുക്കളും കോളജ് അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. കോളജിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയിരുന്നു.
പിന്നാലെ വിദ്യാർഥി പ്രതിഷേധം നടക്കുന്ന കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ മാനേജ്മെന്‍റ് തീരുമാനിക്കുകയും വിദ്യാർഥികളോട് ഹോസ്റ്റലിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഹോസ്റ്റലുകളിലും സമരം ശക്തമാക്കിയ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ പുറത്താക്കണമെന്നും വാര്‍ഡനാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നും പറഞ്ഞിരുന്നു.
ശ്രദ്ധയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തിങ്കളാഴ്‌ച കോളജ് മാനേജ്‌മെന്‍റ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അത് വിഫലമായിരുന്നു. വിദ്യാർഥികൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ തീരുമാനമാകാത്തതിനാൽ സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജിന്‍റെ സാന്നിധ്യത്തിൽ ഇന്ന് ചർച്ച നടക്കുന്നുണ്ട്.
അതേസമയം ശ്രദ്ധയുടെ മരണത്തിൽ തങ്ങൾ ദുഖിതരാണെന്നും തങ്ങൾ തന്നെയാണ് പൊലീസിനെ വിളിച്ച് വിഷയം അറിയിച്ചതെന്നും കോളജ് മാനേജർ ഫാദർ മാത്യു പായിക്കാട് അറിയിച്ചു. വിദ്യാർഥി കുഴഞ്ഞ് വീണു എന്ന് പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കട്ടെ എന്നും ഫാദർ മാത്യു പായിക്കാട് പ്രതികരിച്ചിരുന്നു.