തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിൽ പരിശോധന ശക്തമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 45 ദിവസത്തിലൊരിക്കൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീം റോഡുകൾ സന്ദർശിച്ച് പരിശോധന നടത്തുന്ന സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. സൂപ്രണ്ടിങ് എഞ്ചിനീയറുടെ നേതൃത്വത്തിൽ സ്ഥിരം പരിശോധന സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
ഓഫിസ് ജോലി മാത്രം അല്ല, റോഡുകളിലേക്കും ഉദ്യോഗസ്ഥർ ഇറങ്ങണം. എല്ലാ മാസവും റോഡ് പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഒക്‌ടോബർ 17 മുതൽ ഉദ്യോഗസ്ഥരുടെ സംഘം മാസത്തിലൊരിക്കൽ പരിശോധന നടത്തും. ഇതിന് പുറമെ 45 ദിവസത്തിലൊരിക്കൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘവും റോഡുകളില്‍ പരിശോധന നടത്തും.
12,000 കിലോമീറ്റർ റോഡിലാണ് നിലവിൽ റണ്ണിങ് കോൺട്രാക്റ്റുള്ളത്. ഈ റോഡുകളിൽ പരിശോധന തുടരും. അലസത കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളിൽ ഒക്‌ടോബർ 19, 20 തീയതികളിൽ മന്ത്രി സന്ദർശനം നടത്തും. ഫീൽഡിൽ എന്ത് നടക്കുന്നുവെന്ന് ജനം അറിയണം. റോഡിലൂടെ യാത്ര ചെയ്‌ത് റോഡുകളുടെ പ്രശ്‌നങ്ങൾ തിരിച്ചറിയണമെന്നും അതുകൊണ്ടാണ് മന്ത്രി മുതല്‍ ഉദ്യോഗസ്ഥർ വരെ താഴേത്തട്ടിലേക്ക് ഇറങ്ങുന്നതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.