തിരുവനന്തപുരം : മുസ്ലിം ലീഗിന് യുഡിഎഫ് ബാധ്യതയായെന്ന് മന്ത്രി പി രാജീവ്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ ഇതാണ് തെളിയിക്കുന്നത്. ലീഗിന്,കോണ്‍ഗ്രസ് ബാധ്യതയായി മാറി. പരസ്യമായ രാഷ്ട്രീയ സമീപനം സ്വീകരിക്കാനോ പറയാനോ മുസ്ലിം ലീഗിന് സാധിക്കുന്നില്ലെന്നും പി രാജീവ് പറഞ്ഞു (P Rajeev On Congress Stand).
ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സിപിഎമ്മിന്‍റെ മത്സരത്തെ അഭിനന്ദിക്കുന്നുവെന്ന കെസി വേണുഗോപാലിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പി രാജീവിന്‍റെ മറുപടി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സിലേക്ക് ലീഗിനെ സിപിഎം ക്ഷണിച്ചതിന് പിന്നാലെ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വിമര്‍ശനങ്ങള്‍ക്ക് വാതില്‍ തുറന്നിരിക്കുകയാണ് (LDF Criticizes UDF Over Palestine Issue).
പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ പങ്കെടുക്കില്ലെന്ന് ലീഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംസ്ഥാന വ്യാപകമായി നടത്താനും ലീഗിന്‍റെ ജില്ല നേതൃത്വങ്ങളെ പരിപാടികളിലേക്ക് ക്ഷണിക്കാനും സിപിഎമ്മില്‍ ആലോചനയുണ്ട്. എന്നാല്‍ ലീഗിന്‍റെ ഒരു പ്രവര്‍ത്തകന്‍ പോലും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പി രാജീവിന്‍റെ പ്രതികരണം. സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന ഗവര്‍ണറുടെ ആരോപണത്തിനും പി രാജീവ് മറുപടി നല്‍കി. ഗവര്‍ണര്‍ രാഷ്ട്രീയ പരാമര്‍ശം ഉന്നയിക്കുന്നത് ഉചിതമല്ലെന്നും കേരളീയത്തില്‍ വന്‍ ജനപങ്കാളിത്തമാണെന്നും പി രാജീവ് പറഞ്ഞു.
ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ സുപ്രീംകോടതി വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി നേരിട്ടെത്തി ബില്ലുകളില്‍ വിശദീകരണം നല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം പരിഗണിക്കാമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സര്‍വകലാശാല ബില്‍, മണി ബില്‍ ആണോ എന്ന കാര്യത്തില്‍ സ്‌പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും പി രാജീവ് പറഞ്ഞു.
ഗവര്‍ണറുടെ വാദങ്ങള്‍ : സർവകലാശാല ബില്‍ പാസാക്കുന്നതിന് മുൻപ് തന്‍റെ അനുമതി വാങ്ങണം. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. എല്ലാ ഭരണഘടനാസീമകളും സർക്കാർ ലംഘിക്കുന്നു. എന്താണ് കലാമണ്ഡലത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു.
സർക്കാർ പറയുന്നത് ശരിയാണെങ്കിൽ മാധ്യമങ്ങൾക്ക് അത് വിശ്വസിക്കാം. മുഖ്യമന്ത്രി എത്തി വിശദീകരിക്കുന്നത് വരെ ബില്ലുകളിൽ പുനർചിന്തനം ഇല്ല. ബില്ലുകളിൽ ഒപ്പിടാത്തതിൽ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തിൽ ഭരണഘടനാപരമായ സംശയങ്ങൾ ഉള്ളവർക്ക് കോടതിയെ സമീപിക്കാം. വ്യക്തതയ്‌ക്ക് വേണ്ടിയാകും സംസ്ഥാന സർക്കാർ സമീപിച്ചിട്ടുണ്ടാവുക.
തനിക്ക് നോട്ടിസ് ലഭിക്കുമ്പോൾ മറുപടി പറയാം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കാനാവില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ് സർക്കാർ. പക്ഷേ ധൂർത്തിന് കുറവില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിങ് പൂൾ പണിയുന്നു.
മോശം സാമ്പത്തിക അവസ്ഥയാണെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അധിക ചെലവ് വരുന്ന കാര്യങ്ങൾ അവതരിപ്പിക്കണമെങ്കിൽ തന്‍റെ അനുമതി വേണമെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു.